ഒരു മനസ്സോടെ ഒരുങ്ങിയെത്തിയ ഒരു സമൂഹം അതിഗംഭീരമായി ഒത്തുചേര്‍ന്ന് മലയാണ്‍മയുടെ ഓണാഘോഷം സമ്പൂര്‍ണ്ണമാക്കി. കെസിഎ ഗ്ലോസ്റ്ററിന്റെ 2019 ഓണാഘോഷങ്ങളാണ് അംഗങ്ങളുടെ ഒത്തൊരുമയിലൂടെ മാതൃകയായി മാറുന്നത്.
ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയവരുടെ ഹൃദയം കവര്‍ന്ന കലാപരിപാടികളും, മലയാളത്തനിമ വാനോളം ഉയര്‍ത്തി തിരുവാതിരയും, ആവേശമുണര്‍ത്തി ചെണ്ടമേളവും, വര്‍ണ്ണാഭമായ പൂക്കളവുമായി ആഘോഷങ്ങള്‍ കെസിഎ ഗ്ലോസ്റ്റര്‍ ഗംഭീരമാക്കി. ഒപ്പം പാചകവിദഗ്ധര്‍ തയ്യാറാക്കിയ ഓണസദ്യയും ആസ്വദിച്ച് മനസ്സ് നിറച്ചാണ് അംഗങ്ങള്‍ മടങ്ങിയത്.
സെപ്റ്റംബര്‍ 28ന് ചര്‍ച്ച്ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വടംവലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഓണസദ്യയും കഴിഞ്ഞ ശേഷമാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഓണസന്ദേശത്തിന് ശേം വെല്‍ക്കം ഡാന്‍സോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കമായത്. 25-ാളം കലാപരിപാടികള്‍ വേദിയില്‍ നിറഞ്ഞാടിയതിന് പുറമെ സാരംഗി ഓര്‍ക്കസ്ട്രയുടെ മികച്ച ഗാനമേള ആഘോഷങ്ങള്‍ക്ക് ഇമ്പമേകി. കെസിഎ ഗ്ലോസ്റ്റര്‍ സെക്രട്ടറി ലിജോ ജോര്‍ജ്ജ് ചടങ്ങില്‍ സ്വാഗതവും, പ്രസിഡന്റ് ബ്രിജു കുര്യാക്കോസ് ആശംസയും നേര്‍ന്നു.
സാമൂഹിക നന്മ ലക്ഷ്യമിട്ട് ആരംഭിച്ച കെസിഎ ഗ്ലോസ്റ്റര്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഒരു ചാരിറ്റി സംഘടനയായി വളര്‍ന്നത് അംഗങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളുടെ മികവാണ്. വര്‍ഷങ്ങളായി യുകെയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് തന്നെ ഈ മികവ് ഒരു മികച്ച മാതൃകയാണ്.