രാഹുല്‍ ഗാന്ധി തനിക്ക് സഹോദരനെ പോലെയെന്നാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മുന്‍പൊരിക്കല്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ ഇവരെ വിവാഹം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ തന്റെ സഹോദരനെ പോലെയെന്ന് അതിഥി സിംഗ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ പരസ്യമായി എതിര്‍ക്കുകയാണ് അതിഥി.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച് യുപി നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലപാട് തെറ്റിച്ച് അതിഥി സിംഗ് സഭയിലെത്തി. ഇതിന് പിന്നാലെ ലക്‌നൗവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ കാല്‍നട യാത്രയിലും അതിഥി പങ്കെടുത്തില്ല.
വിഷയത്തില്‍ അതിഥി സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. എന്നാല്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. ഇതിനിടെ അതിഥി സിംഗിന് നല്‍കിവരുന്ന സുരക്ഷ യുപി സര്‍ക്കാര്‍ വൈപ്ലസായി വര്‍ദ്ധിപ്പിച്ചു. 10 സായുധ ഗാര്‍ഡുമാര്‍ എംഎല്‍എയ്ക്ക് സുരക്ഷയൊരുക്കുമെന്ന് എസ്പി അറിയിച്ചു. കൂടാതെ എസ്‌കോര്‍ട്ട് വാഹനവും, വീടിന് സുരക്ഷയും ലഭിക്കും.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടായതോടെയാണ് സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ശരിയായ കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നാണ് പ്രിയങ്കയ്‌ക്കൊപ്പമുള്ള യാത്ര ഒഴിവാക്കിയതിനെക്കുറിച്ച് ഇവരുടെ വിശദീകരണം.