ദേശീയ പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘര്‍ഷങ്ങളില്‍ കലാശിച്ചതോടെ ത്രിപുരയില്‍ ഇന്റര്‍നെറ്റ് ,? എസ്.എം.എസ് സേവനങ്ങള്‍ക്ക് ബിപ്ലബ് ദേബ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. 48 മണിക്കൂറാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പൗരത്വ ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്, ആള് ആസാം സ്റ്റുഡന്റ്സ് യൂണിയന് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബന്ദ് നടന്ന അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസമില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗോഹട്ടിയില്‍ നൂറുകണക്കിനാളുകള്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മന്ത്രിമാരുടെ വസതികളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസ് എന്നിവരുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. സംസ്ഥാനത്ത് പരക്കെ അക്രമങ്ങള്‍ നടന്നു.അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത് ജനറല്‍ സെക്രട്ടറി പലാഷ് ചംഗ്മായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള് അസം സ്റ്റുഡന്റസ് അസോസിയേഷന് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. പൗരത്വബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മണിപ്പൂരില്‍ പൊതു അവധി പ്രഖ്യാപിച്ചു. ബില്ല് പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി.മേഘാലയില്‍ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടന്നു. ഷില്ലോംഗ് നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പിന് തീ വച്ചു. സ്കൂളുകളും, വ്യാപാരസ്ഥാപനങ്ങളും അടച്ചു.