Breaking Now

ഇനി അവര്‍ 'സ്വതന്ത്രര്‍'; രാജകീയ ജീവിതം പൂര്‍ണ്ണമായി ഉപേക്ഷിച്ച് ഹാരിയും, മെഗാനും രാജകുടുംബവുമായി അന്തിമകരാര്‍ ഒപ്പിട്ടു; ഇവര്‍ മൂവരും എക്കാലവും തങ്ങളുടെ പ്രിയപ്പെട്ടവരെന്ന് രാജ്ഞി; നികുതിദായകന്റെ പണവും, സ്ഥാനമാനങ്ങളും ഇനിയില്ല!

ഹാരിയും, മെഗാനും പൊടുന്നനെ രാജകുടുംബത്തില്‍ നിന്നും വേര്‍പ്പെടാന്‍ തീരുമാനിച്ചതല്ലെന്ന വ്യക്തമായ സൂചനയും രാജ്ഞി നല്‍കി

രാജകീയ ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി അരങ്ങൊഴിയുന്ന ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും തമ്മിലുള്ള രാജകുടുംബത്തിന്റെ മെഗ്‌സിറ്റ് കരാര്‍ ഒപ്പുവെച്ചു. സസെക്‌സ് ഡ്യൂക്കും, ഡച്ചസും ഇനി എച്ച്ആര്‍എച്ച് സ്ഥാനപ്പേരുകള്‍ ഉപയോഗിക്കില്ലെന്ന് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വാര്‍ത്താക്കുറിപ്പ് രാജ്ഞിയാണ് പ്രഖ്യാപിച്ചത്. ഹാരി- ഡ്യൂക്ക് ഓഫ് സസെക്‌സ്, മെഗാന്‍- ഡച്ചസ് ഓഫ് സസെക്‌സ് എന്നിങ്ങനെയാണ് ഇനി അറിയപ്പെടുക. ശരത്കാലം മുതല്‍ രാജകീയ ദൗത്യങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്‍മാറും. 

ദിവസങ്ങളായി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും, അധികൃതരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ സ്വതന്ത്ര ജീവിതം നയിക്കണമെന്ന ഹാരിയുടെയും, മെഗാന്റെയും ആവശ്യത്തിനാണ് ഇതോടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ ജീവിതം കെട്ടിപ്പടുക്കാനും, പണം നേടാനും ഇവര്‍ക്ക് മുന്നില്‍ വഴിയൊരുങ്ങി. അതേസമയം രാജ്ഞിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. 

ഇംഗ്ലണ്ടിലെ ഹാരി, മെഗാന്‍ ഭവനമായ ഫ്രോഗ്മോര്‍ കോട്ടേജ് പുനരുദ്ധരിക്കാന്‍ ചെലവാക്കിയ 2.4 മില്ല്യണ്‍ പൗണ്ട് വരുന്ന നികുതിദായകന്റെ പണം ദമ്പതികള്‍ തിരികെ നല്‍കും. പ്രതിസന്ധി രാജകുടുംബത്തെ ഭിന്നിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്ന ഘട്ടത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ രാജ്ഞി മുന്നിട്ടിറങ്ങിയിരുന്നു. മെഗാന്‍ വളരെ എളുപ്പത്തില്‍ കുടുംബത്തിന്റെ ഭാഗമായതിനെ രാജ്ഞി വിടവാങ്ങല്‍ വാര്‍ത്താക്കുറിപ്പില്‍ പ്രശംസിച്ചു. ഇതുവരെ ചെയ്ത എല്ലാത്തിനും നന്ദി പറഞ്ഞതിന് പുറമെ മുന്നോട്ടുള്ള ജീവിതം നയിക്കാന്‍ വ്യക്തമായ വഴി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും രാജ്ഞി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഹാരിയും, മെഗാനും പൊടുന്നനെ രാജകുടുംബത്തില്‍ നിന്നും വേര്‍പ്പെടാന്‍ തീരുമാനിച്ചതല്ലെന്ന വ്യക്തമായ സൂചനയും രാജ്ഞി നല്‍കി. മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കൊടുവിലാണ് സ്വതന്ത്ര ജീവിതത്തിലേക്ക് മാറുന്നതെന്ന് രാജ്ഞി വ്യക്തമാക്കിയതോടെ മറിച്ചുള്ള അഭ്യൂഹങ്ങളാണ് തള്ളിയത്. ഹാരി, മെഗാന്‍, ആര്‍ച്ചി എന്നിവരെല്ലാം എല്ലാക്കാലവും തന്റെ കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങളായിരിക്കുമെന്നും രാജ്ഞി പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.