CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 33 Seconds Ago
Breaking Now

ഡെന്നീസ് കൊടുങ്കാറ്റ്; വെള്ളപ്പൊക്ക ഭീഷണി തുടരുന്നു; യുകെയില്‍ 300 ഇടങ്ങള്‍ക്ക് മുന്നറിയിപ്പ്; ഔസ് നദിയില്‍ വെള്ളം ഉയരുന്നു; എല്ലാ വീടുകളും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍?

തിങ്കളാഴ്ച രാവിലെ 632 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്

ആഴ്ചാവസാനം കുഴപ്പത്തിലാക്കിയ കനത്ത മഴയും, കൊടുങ്കാറ്റും ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ശമനമില്ല. ഡെന്നീസ് കൊടുങ്കാറ്റ് മാറ്റിമറിച്ച കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഇന്നും ദുരിതം തീര്‍ക്കുമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ വിവിധ ഭാഗങ്ങളിലായി 300-ലേറെ ഇടങ്ങളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഇംഗ്ലണ്ടില്‍ എട്ട് ഇടങ്ങള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. 

ഔസ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ യോര്‍ക്കിലെ പ്രശ്‌നബാധിതമായ പ്രദേശങ്ങളിലും, പ്രോപ്പര്‍ട്ടികള്‍ക്കും ചുറ്റും ആയിരക്കണക്കിന് സാന്‍ഡ്ബാഗുകള്‍ നിരത്തി. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നും എല്ലാ വീടുകളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഒരു മന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ ഞെട്ടിച്ചിരുന്നു. സിയാറ കൊടുങ്കാറ്റിന് പിന്നാവെ മറ്റൊരു കൊടുങ്കാറ്റ് കൂടി വന്നത് സര്‍ക്കാരിനെ വെള്ളപ്പൊക്കത്തിന് എതിരായ നടപടികളില്‍ പിന്നോട്ട് വലിച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പുതിയ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ്. 

'വലിയ തോതില്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഈ മോശം കാലാവസ്ഥയെ തടയാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ പ്രശ്‌നത്തിലായ പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചു. ഈ കാലാവസ്ഥാ പ്രശ്‌നങ്ങളുടെ കടുപ്പമേറി വരികയാണ്. പണമിറക്കി തന്നെയാണ് നടപടികള്‍ സ്വീകരിക്കുന്നത്, കൂടുതല്‍ നടപടികള്‍ വരും', യൂസ്റ്റിസ് പ്രതികരിച്ചു. 

തിങ്കളാഴ്ച രാവിലെ 632 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയുടെ ചില ഭാഗങ്ങളില്‍ ആഴ്ചാവസാനം കാറ്റിന്റെ വേഗത 90 എംപിഎച്ച് വരെ വര്‍ദ്ധിച്ചിരുന്നു. ചില ഇടങ്ങളില്‍ ഒരു മാസത്തെ മഴ 48 മണിക്കൂറില്‍ പെയ്തിറങ്ങി. റെയില്‍, റോഡ്, വ്യോമ ഗതാഗതത്തെ മഴയും, വെള്ളപ്പൊക്കവും സാരമായി ബാധിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.