CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 59 Seconds Ago
Breaking Now

ജപ്പാനിലെ കൊറോണാവൈറസ് കപ്പലില്‍ നിന്നും 74 ബ്രിട്ടീഷുകാരെ വെള്ളിയാഴ്ച തിരിച്ചെത്തിക്കുമെന്ന് ഫോറിന്‍ ഓഫീസ്; പൗരന്‍മാരെ താമസിപ്പിക്കുന്നത് വിറാലില്‍; കപ്പലിലെ ക്വാറന്റൈന്‍ രോഗം പരത്തുന്നതായി വിദഗ്ധര്‍

കപ്പലിലെ ക്വാറന്റൈന്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ജപ്പാന്‍ അധികൃതര്‍ പഴി കേള്‍ക്കുകയാണ്

കൊറോണാവൈറസ് പിടികൂടിയ യാത്രാകപ്പലില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ വെള്ളിയാഴ്ച വിമാനമാര്‍ഗ്ഗം രക്ഷപ്പെടുത്തി തിരികെ എത്തിക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കൊറോണ പടരാനാണ് വഴിയൊരുക്കുന്നതെന്ന ആശങ്കകള്‍ക്കിടെയാണ് 74 ബ്രിട്ടീഷുകാരെ ടോക്യോയില്‍ നിന്നും തിരിച്ചെത്തിക്കുമെന്ന് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. തിരിച്ചെത്തുന്ന ആളുകളെ വിറാല്‍ ആരോവ് പാര്‍ക്ക് ഹോസ്പിറ്റലില്‍ താമസിപ്പിക്കും. 

ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ഇതുവരെ 621 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലില്‍ രോഗം പടരുന്നതായി വ്യക്തമായതോടെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ അടിയന്തരമായി രക്ഷപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം 170 ഓസ്‌ട്രേലിയക്കാരെ അവരുടെ സര്‍ക്കാര്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഹാനെദ എയര്‍പോര്‍ട്ട് വഴി തിരികെ കൊണ്ടുപോയി. കപ്പലിലെ ക്വാറന്റൈന്‍ പരാജയമാണെന്ന് ഒരു ജാപ്പനീസ് രോഗവിദഗ്ധന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രത്യേകിച്ച് പര്യാപ്തമായ സൗകര്യങ്ങളില്ലാതെ, തെറ്റുകള്‍ മാത്രമാണ് ഇവിടെ അരങ്ങേറുന്നതെന്നാണ് കെന്റാറോ ഇവാത വിമര്‍ശിച്ചത്. 

ആഫ്രിക്കയിലെ എബോള, 2003ല്‍ ചൈനയിലെ സാര്‍സ് എന്നിവയേക്കാള്‍ ഭയാനകമാണ് കൊറോണയുടെ വളര്‍ച്ചയെന്നാണ് ഇവാത വ്യക്തമാക്കുന്നത്. തനിക്കും രോഗം പിടിപെട്ടതായി ആശങ്കയുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് പകരാതിരിക്കാന്‍ സ്വയം 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്വാറന്റൈന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിക്കാതെയാണ് കപ്പലില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനം വ്യാപകമാണ്. 

ഫെബ്രുവരി 3നാണ് യോക്കോഹാമയില്‍ കപ്പല്‍ നങ്കൂരമിടുന്നത്. കപ്പലിലെ ക്വാറന്റൈന്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ജപ്പാന്‍ അധികൃതര്‍ പഴി കേള്‍ക്കുകയാണ്. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ ഉള്‍പ്പെടെ വീഴ്ചയ്‌ക്കെതിരെ രംഗത്ത് വന്നു. ഇതിന് പുറമെ രാജ്യത്ത് 74 പേരിലേക്ക് വൈറസ് എത്തിച്ചേര്‍ന്നതും ജപ്പാനെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ചൈനയ്ക്ക് പുറത്ത് മരിച്ച നാല് പേരില്‍ ഒരാള്‍ ജപ്പാനിലാണ് മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.