CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 33 Seconds Ago
Breaking Now

ട്രംപിനെ ആലിംഗനത്തോടെ വരവേറ്റ് പ്രധാനമന്ത്രി മോദി; ചുവന്ന പരവതാനി വിരിച്ച് അഹമ്മദാബാദ്

'നമസ്‌തേ ട്രംപ്' എന്നെഴുതിയ തൊപ്പികളും, ട്രംപിന്റെ മുഖംമൂടികളും അണിഞ്ഞ് ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ അണിനിരന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അഹമ്മദാബാദില്‍ ചുവന്ന പരവതാനി വിരിച്ച് സ്വീകരണം. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രസിഡന്റിനെ ആലിംഗനം ചെയ്താണ് വരവേറ്റത്. മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കും, മൊട്ടേറാ സ്‌റ്റേഡിയത്തിലേക്കുമുള്ള റോഡ്ഷായാണ് ഇന്ന് നടക്കുന്നത്. റോഡ്‌ഷോയും, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കാണികളെ അഭിസംബോധന ചെയ്യുന്നതിന്റെയും ആവേശത്തിലാണ് ട്രംപ്. 

ഫസ്റ്റ് ലേഡി മെലാനിയ ട്രംപ് മകള്‍ ഇവാങ്ക, മരുമകന്‍ ജെയേഡ് കുഷ്‌നര്‍ എന്നിവരും പ്രസിഡന്റിനെ അനുഗമിക്കുന്നു. 'നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാകും താങ്കളുടെ സന്ദര്‍ശനം', ട്രംപ് എത്തുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 'നമസ്‌തേ ട്രംപ്' എന്നെഴുതിയ തൊപ്പികളും, ട്രംപിന്റെ മുഖംമൂടികളും അണിഞ്ഞ് ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ അണിനിരന്നത്. 

1917 മുതല്‍ 1930 വരെ മഹാത്മാഗാന്ധി താമസിച്ച സബര്‍മതി ആശ്രമത്തിലാണ് ഇരുനേതാക്കളും ആദ്യം എത്തുന്നത്. ഇതിന് ശേഷമാണ് മൊട്ടേറാ സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടിയിലേക്ക് എത്തിച്ചേരുക. അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി മോദി പങ്കെടുത്ത 'ഹൗഡി മോദി' പരിപാടിക്ക് സമാനമായാണ് ഈ പരിപാടി. 22 കിലോമീറ്റര്‍ റോഡ്‌ഷോ നടക്കുന്ന വഴിയില്‍ 28 സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ കലാപരിപാടികള്‍ പ്രദര്‍ശിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജീവിതവും, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ നിന്നുള്ള ഏടുകളും ഇതിന്റെ ഭാഗമാകും. 

ഇന്ത്യ റോഡ് ഷോ എന്ന പേരിലാണ് വഴിയരികിലെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലെ പരിപാടി കഴിഞ്ഞാല്‍ മോദിയ്‌ക്കൊപ്പം ട്രംപ് ആഗ്രയിലേക്ക് പറക്കും. ഇവിടെ ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനൊപ്പം താജ്മഹലിലെ സൂര്യാസ്തമനം കാണാനും സമയം ചെലവിടാനും ട്രംപിന് സമയം ലഭിക്കും. പിന്നീട് യുഎസ് പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പറക്കും. ചൊവ്വാഴ്ച വിശദമായ വ്യാപാര ചര്‍ച്ചകള്‍ ഇരുനേതാക്കളും നടത്തും. 




കൂടുതല്‍വാര്‍ത്തകള്‍.