കൊറോണാവൈറസ് പ്രതിസന്ധി മൂര്‍ച്ഛിച്ച സമയത്ത് സ്‌കൂളില്‍ തുടര്‍ന്നും പോകാന്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ട ജോലി ചെയ്യുന്നവരാകണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ ഈ 'കീ വര്‍ക്കര്‍' എന്ന യോഗ്യത ഏതൊക്കെ ജോലികള്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഡോക്ടര്‍മാരും, നഴ്‌സുമാരും മുതല്‍ സീവേജ് വര്‍ക്കര്‍മാര്‍ വരെയുള്ളവരുടെ തൊഴില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും തങ്ങളെ ഒഴിവാക്കാന്‍ കഴിയുമോയെന്ന് മേലുദ്യോഗസ്ഥരോട് ഇവര്‍ ചോദിക്കണമെന്നാണ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്.
വെള്ളിയാഴ്ച മുതലാണ് സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നത്. വൈറസ് പടരുന്നത് ഒഴിവാക്കാനുള്ള ഈ ശ്രമങ്ങള്‍ തുടരുമ്പോഴും ഏതെല്ലാം കുട്ടികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ പ്രവേശനം ലഭിക്കുകയെന്ന വിഷയത്തിലാണ് സംശയം തുടരുന്നത്. വികാരിമാര്‍, ബിന്‍മെന്‍, റോഡ് വര്‍ക്കര്‍, പോസ്റ്റ്‌മെന്‍, ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് തുടങ്ങി നിരവധി പട്ടികകള്‍ സര്‍ക്കാരിന്റെ വമ്പന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇതോടൊപ്പം ഒരു നിബന്ധന കൂടി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
'ജോലിക്കാര്‍ മേല്‍പ്പറഞ്ഞ പട്ടികയില്‍ പെടുന്നുവെന്ന് ചിന്തിക്കുന്നവര്‍ അവശ്യസേവനങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് എംപ്ലോയറോട് ചോദിച്ച് സ്ഥിരീകരിക്കണം. ഇവരുടെ ബിസിനസ്സ് തുടരുന്ന അറേഞ്ച്‌മെന്റുകള്‍ പരിശോധിച്ച് പൊതുജന സേവനത്തില്‍ തുടര്‍ന്നും പങ്കുവഹിക്കേണ്ടത് ആവശ്യമാണോയെന്നാണ് മനസ്സിലാക്കേണ്ടത്', സര്‍ക്കാര്‍ ഉപദേശിച്ചു. അതേസമയം സാധാരണ സ്‌കൂളിലേക്ക് അയയ്ക്കുന്നതിന് പകരം കുട്ടികളെ സെന്‍ഡ്രല്‍ സ്‌കെലിട്ടണ്‍ സ്‌കൂളിലേക്കാണ് രക്ഷിതാക്കള്‍ എത്തിക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രക്ഷിതാക്കളില്‍ രണ്ട് പേരും കീ വര്‍ക്കര്‍ പട്ടികയില്‍ വന്നാല്‍ മാത്രമാണോ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ കഴിയുകയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. സുപ്രധാന സിവില്‍ സര്‍വ്വന്റ്‌സ്, അധ്യാപകര്‍, ഏവിയേഷന്‍, റെയില്‍, ചാരിറ്റി ജോലിക്കാര്‍, സോഷ്യല്‍ വര്‍ക്കര്‍, കെയറര്‍, നഴ്‌സറി സ്റ്റാഫ്, നീതിന്യായ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, സൈന്യം, പ്രിസണ്‍, ബോര്‍ഡര്‍ ഓഫീസര്‍മാര്‍ എന്നിവരെല്ലാം സുപ്രധാന ജോലിക്കാരുടെ പട്ടികയിലുണ്ട്.