CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Seconds Ago
Breaking Now

എന്‍എച്ച്എസ് പൊട്ടിത്തെറിയുടെ വക്കില്‍; മദേഴ്‌സ് ഡേ ആഘോഷം സ്‌കൈപ്പില്‍ മതി; വരാനിരിക്കുന്നത് കടുത്ത രോഗബാധിതരുടെ 'സുനാമി'; മെഡിക്കല്‍ ജീവനക്കാരും രോഗബാധിതരാകുമെന്ന് ആശങ്ക; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

രാജ്യം ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ മാത്രമാണ് പകര്‍ച്ചവ്യാധിയുടെ വേഗത കുറയ്ക്കാന്‍ സാധിക്കുകയെന്ന് പ്രധാനമന്ത്രി

മദേഴ്‌സ് ഡേ ആഘോഷിക്കുന്നത് വീഡിയോ കോളില്‍ ഒതുക്കാന്‍ ബ്രിട്ടീഷുകാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊറോണാവൈറസ് പകര്‍ച്ചവ്യാധി ആഞ്ഞടിച്ചതോടെ എന്‍എച്ച്എസ് തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. രോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം 56 പേര്‍ കൂടി മരിച്ചതോടെ യുകെയിലെ മരണസംഖ്യ 233 ആയി ഉയര്‍ന്നു. 

കടുത്ത രോഗബാധിരുടെ 'സുനാമിയാണ്' തങ്ങളെ വിഴുങ്ങാന്‍ കാത്തിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരും മുന്നറിയിപ്പില്‍ വ്യക്തമാക്കി. അടിസ്ഥാന ഉപകരണങ്ങളുടെ അഭാവത്തില്‍ ദുരന്തസമാനമായ ദൃശ്യങ്ങളാണ് ആശുപത്രികളില്‍ അരങ്ങേറുന്നത്. ഇതിന് പുറമെ സുരക്ഷിത വസ്ത്രങ്ങള്‍ പോലും ഇല്ലാതെ പോരാടുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് രോഗം ബാധിതരാകുകയോ, രോഗവാഹകരായി മറ്റുള്ളവര്‍ക്ക് ഇന്‍ഫെക്ഷന്‍ പകര്‍ന്ന് നല്‍കുകയോ ചെയ്യുന്നതാണ് അവസ്ഥ. 

ഓപ്പറേഷന്‍ തീയേറ്ററുകള്‍ അത്യാഹിത വാര്‍ഡുകളായി മാറ്റാനുള്ള നെട്ടോട്ടത്തിലാണ് ആശുപത്രികള്‍. ഇതിന് പുറമെ മൃഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകള്‍ കൈമാറാന്‍ വെറ്റിനറി ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക ബന്ധങ്ങള്‍ കുറച്ച്, സ്വന്തം അമ്മയില്‍ നിന്ന് വരെ അകലം പാലിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് അപേക്ഷിക്കുന്നത്. മദേഴ്‌സ് ഡേ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൈപ്പില്‍ ബന്ധപ്പെടാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. അമ്മമാരുടെ പ്രായം രോഗം ക്ഷണിച്ച് വരുത്തുന്നതാണ് ഇതിന് കാരണം. 

രാജ്യത്തിനായി എഴുതിയ കത്തില്‍ മരണസംഖ്യ കുതിച്ചുയരുന്ന ഇറ്റലിയുടെ അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യം ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ മാത്രമാണ് പകര്‍ച്ചവ്യാധിയുടെ വേഗത കുറയ്ക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറിച്ചായാല്‍ ഇറ്റലിയുടെ അതെ അവസ്ഥയാണ് നമ്മുടെ എന്‍എച്ച്എസിനെ കാത്തിരിക്കുന്നത്, ബോറിസ് വ്യക്തമാക്കി. യുകെയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 5018 ആയി. 1000 പേര്‍ക്കാണ് ഒരു ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. 73,000 പേരെയാണ് വൈറസിനായി പരിശോധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം ഇംഗ്ലണ്ടിലെ സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ സുപ്രധാനമായ കരാറില്‍ ഒപ്പുവെച്ചു. 8000 ആശുപത്രി ബെഡുകളും, 1200 അധിക വെന്റിലേറ്ററുകളും, പതിനായിരം നഴ്‌സുമാരും, 700 ഡോക്ടര്‍മാരും ഉള്‍പ്പെടെ 20000 അധിക ജീവനക്കാരെയും ലഭ്യമാക്കാനുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതിനിടെ ഒരു മുതിര്‍ന്ന എന്‍എച്ച്എസ് ഡോക്ടര്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതായുള്ള വാര്‍ത്ത എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഞെട്ടലാവുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.