CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 13 Seconds Ago
Breaking Now

ബ്രിട്ടനെ ഞെട്ടിച്ച് കവന്‍ട്രിയില്‍ 18 വയസ്സുകാരന്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചു; 24 മണിക്കൂറിനിടെ 47 പുതിയ മരണങ്ങള്‍; മരണസംഖ്യ 281-ല്‍; ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ 5683-ലെത്തി

വെയില്‍സില്‍ ഒറ്റ ദിവസം കൊണ്ട് 7 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 12 ആയും ഉയര്‍ന്നു

കൊറോണാവൈറസിന് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായി ഒരു 18-കാരന്‍. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ഇതുള്‍പ്പെടെ പുതിയ 47 മരണങ്ങളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 281-ല്‍ തൊട്ടു. പകര്‍ച്ചവ്യാധി പിടിപെട്ടവരുടെ എണ്ണം 665-ല്‍ നിന്നും 5683 ആയും കുതിച്ചുയര്‍ന്നു. മറ്റുള്ളവരുടെ ജീവന് വിലകല്‍പ്പിക്കാതെ പുറത്തിറങ്ങി കറങ്ങുന്ന സ്ഥിതി തുടര്‍ന്നാല്‍ ബ്രിട്ടീഷുകാരെ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കവന്‍ട്രിയിലാണ് കൊവിഡ്-19 ബാധിച്ച് 18 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ഈ കൗമാരക്കാരന്‍. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന രോഗിയാണ് കൊറോണാവൈറസ് ചികിത്സയ്ക്കിടെ മരിച്ചതെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ കിരണ്‍ പട്ടേല്‍ സ്ഥിരീകരിച്ചു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് രോഗിയുടെ കുടുംബത്തിനും, പ്രിയപ്പെട്ടവര്‍ക്കും ഒപ്പമാണ് ഞങ്ങള്‍, പ്രൊഫ. പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. 

665 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പോസിറ്റീവ് രോഗികളുടെ എണ്ണം 5863 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകളും ഇതൊന്നും പരിഗണിക്കാതെ പൊതുസ്ഥലങ്ങളില്‍ കറങ്ങാന്‍ ഇറങ്ങുന്ന കാഴ്ച ഞെട്ടിക്കുകയാണ്. 24 മണിക്കൂറിനകം നിബന്ധനകള്‍ പാലിക്കാത്ത പക്ഷം ഇറ്റാലിയന്‍ മാതൃക പിന്തുടരുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിലെ അവസ്ഥയിലേക്ക് യുകെ എത്തിച്ചേരാന്‍ രണ്ടോ, മൂന്നോ ആഴ്ച മാത്രമാണ് ബാക്കിയെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

സാമൂഹിക അകലം പാലിച്ച് വൈറസ് പടരുന്നത് തടയാന്‍ സാധിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞ് പൊട്ടിത്തെറിക്കുമെന്ന ഘട്ടമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ച കേസുകള്‍ 18 ആണ്. വെയില്‍സില്‍ ഒറ്റ ദിവസം കൊണ്ട് 7 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 12 ആയും ഉയര്‍ന്നു. ന്യൂപോര്‍ട്ട് റോയല്‍ ഗ്വെന്റ് ഹോസ്പിറ്റലില്‍ അഞ്ചും, അബെര്‍ഗാവെനിയിലെ നെവില്‍ ഹാള്‍ ഹോസ്പിറ്റലില്‍ ഒന്നും, മെര്‍തിര്‍ ടൈഡ്ഫില്‍ പ്രിന്‍സ് ചാള്‍സ് ഹോസ്പിറ്റലില്‍ ഒരാളുമാണ് മരിച്ചത്. വെയില്‍സില്‍ ആകെ പോസിറ്റീവ് കേസുകള്‍ 280 ആയി ഉയര്‍ന്നു. 

കൊവിഡ്-19 ബാധയില്‍ ബാറും, റെസ്‌റ്റൊറന്റും, കഫേകളും അടച്ചിടാനുള്ള നിര്‍ദ്ദേശം ഭൂരിഭാഗം പേരും അനുസരിക്കുമ്പോള്‍ ഏതാനും ചിലര്‍ ഇത് ലംഘിക്കുന്നതായി സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ ചൂണ്ടിക്കാണിച്ചു. ഇവര്‍ മറ്റുള്ളവരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ഇതിനിടെ പാരാസെറ്റാമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയുന്നതായി ആശങ്ക ഉയരുന്നുണ്ട്. യുകെ ഫാര്‍മസികള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഹോള്‍സെയിലര്‍മാര്‍ക്ക് വലിയ ഓര്‍ഡറുകളാണ് സ്‌റ്റോക്ക് സൂക്ഷിക്കാനായി നല്‍കുന്നത്.    




കൂടുതല്‍വാര്‍ത്തകള്‍.