യുകെയുടെ പകുതി ജനസംഖ്യയെ തന്നെ കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ പിടികൂടിയിരിക്കാമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍. ഔദ്യോഗിക മരണസംഖ്യ ഒരു ദിവസം 87 പേര്‍ കൂടിച്ചേര്‍ന്ന് 422-ലേക്ക് കുതിച്ചുയരുകയും, സ്ഥിരീകരിച്ച കേസുകളില്‍ 1427 പേരുടെ വര്‍ദ്ധനയും റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തിലാണ് ഈ മുന്നറിയിപ്പ്. ജനുവരി മധ്യത്തോടെ തന്നെ വൈറസ് യുകെയില്‍ പ്രചരിച്ച് തുടങ്ങിയിരുന്നതായാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പുതിയ മോഡല്‍ കണ്ടെത്തുന്നത്.
രാജ്യത്ത് ആദ്യത്തെ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുന്‍പും, ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു മാസം മുന്‍പുമാണ് വൈറസ് പണിതുടങ്ങിയിരുന്നതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മോഡല്‍ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് വൈറസിന് പടരാന്‍ ആവശ്യത്തിന് സമയം ലഭിച്ചെന്നാണ് കരുതുന്നത്, ഒപ്പം നിരവധി ആളുകള്‍ക്ക് പ്രതിരോധ ശേഷിയും കൈവന്നിരിക്കുമെന്ന ആശ്വാസവുമുണ്ട്. അതേസമയം തങ്ങളുടെ പഠനഫലം സ്ഥിരീകരിക്കാന്‍ പരിശോധന ആവശ്യമാണെന്ന് പഠനം നയിച്ച തിയററ്റിക്കല്‍ എപ്പിഡെമോളജി പ്രൊഫസര്‍ സുനേത്രാ ഗുപ്ത വ്യക്തമാക്കി.
ഒരു രാത്രി കൊണ്ട് ഇംഗ്ലണ്ടില്‍ മരിച്ച രോഗികളുടെ എണ്ണത്തില്‍ 87 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇവരില്‍ 21 പേര്‍ ലണ്ടനിലെ ഒരു എന്‍എച്ച്എസ് ട്രസ്റ്റിലാണ് മരിച്ചത്. സ്‌കോട്ട്‌ലണ്ട് രണ്ട് മരണങ്ങളും, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഓരോ മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 54 പേര്‍ മരിച്ച ഇടത്താണ് മരണസംഖ്യ 87ലേക്ക് ഉയര്‍ന്നത്. ഒരാഴ്ചയ്ക്ക് മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ ആറ് മടങ്ങായാണ് വര്‍ദ്ധിച്ചത്.
ഇതിന് പുറമെ 1427 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ആകെ ഇന്‍ഫെക്ഷന്‍ ബാധിച്ചവരുടെ എണ്ണം 8000 കടന്നു. എന്നാല്‍ ഇപ്പോഴും പരിശോധനകള്‍ ആശുപത്രികളില്‍ മാത്രം നടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി എത്രത്തോളം പടര്‍ന്നിരിക്കാമെന്നത് വ്യക്തമല്ല. 4 ലക്ഷം പേര്‍ക്കെങ്കിലും രോഗം പടര്‍ന്നിരിക്കാമെന്നാണ് കരുതുന്നത്. ഇതിനിടെ വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ അവധിക്കാലം ആഘോഷിക്കാനുള്ള മൂഡിലാണ്. പലയിടത്തും ബാര്‍ബെക്യൂ പരിപാടികള്‍ പോലീസ് തടഞ്ഞു.
എന്‍എച്ച്എസിനെ ശക്തിപ്പെടുത്താന്‍ 250,000 വോളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ആഹ്വാനം ചെയ്തിട്ടുണ്ട്. ലണ്ടന്‍ എക്‌സല്‍ സെന്ററില്‍ തയ്യാറാക്കുന്ന പുതിയ ആശുപത്രിയായ എന്‍എച്ച്എസ് നൈറ്റിംഗേലിലേക്കും വോളണ്ടിയര്‍മാരെ ആവശ്യമുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.