സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജനങ്ങള്‍ പാരാസൈറ്റ് ബാധിച്ച് രോഗബാധിതരാകുന്നു. ടാപ്പ് വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. നൂറുകണക്കിന് പേര്‍ വയറ്റിളക്കവും, ശര്‍ദ്ദിലും, വയറുവേദനയും ബാധിച്ച് പ്രശ്‌നത്തിലായതോടെ ടാപ്പ് വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കി.
വയറിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാരാസൈറ്റായ ക്രിപ്‌റ്റോസ്‌പൊറിഡിയവുമായി ബന്ധപ്പെട്ടാണ് രോഗം പിടിപെടുന്നത്. ബ്രിക്‌സാം, ബൂഹേ, കിംഗ്‌വെയര്‍, റോസ്ലാന്‍ഡ്, ഡിവോണിലെ നോര്‍ത്ത് ഈസ്റ്റ് പെയിഗ്‌ടോണ്‍ എന്നിവിടങ്ങളിലെ താമസക്കാരോട് ജാഗ്രത പുലര്‍ത്താനും, വെള്ളം ഉപയോഗിക്കുന്നതിന് മുന്‍പ് തിളപ്പിക്കാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കുടിക്കാനും, പാചകം ചെയ്യാനും, പല്ല് തേക്കാനും തിളപ്പിച്ച വെള്ളം ഉപയോഗിക്കാനാണ് അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തങ്ങളുടെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ പ്രശ്‌നമില്ലെന്ന് അവകാശപ്പെട്ടെങ്കിലും സൗത്ത് വെസ്റ്റ് വാട്ടര്‍ ഇപ്പോള്‍ ഈ വാദത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. പാരാസൈറ്റിനെ ഒഴിവാക്കാന്‍ വെള്ളം തിളപ്പിച്ചാല്‍ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇത് അറിയാതെ വെള്ളം ഉപയോഗിച്ചവര്‍ക്ക് കടുത്ത വയറുവേദന, നിര്‍ജ്ജലീകരണം, ഉയര്‍ന്ന പനി, ഗുരുതരമായ വയറ്റിളക്കം എന്നിവയാണ് പടര്‍ന്ന് പിടിച്ചത്. പല കുടുംബങ്ങളും അപ്പാടെ രോഗബാധിതരായിട്ടുണ്ട്. ഒരു മാസമെങ്കിലും എടുത്താലാണ് രോഗം പൂര്‍ണ്ണമായി ഭേദപ്പെടുകയെന്നാണ് എന്‍എച്ച്എസ് പറയുന്നത്. ബ്രിക്‌സാമില്‍ 22 കേസുകള്‍ ഇതിനകം പാരാസൈറ്റ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 70 കേസുകള്‍ അന്വേഷണത്തിലാണ്. രണ്ടാഴ്ചയായി പ്രദേശത്ത് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ലോക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.