CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 27 Seconds Ago
Breaking Now

ബൈക്ക് അപകടത്തിന് പിന്നാലെ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് യുവാവ്, പത്തനംതിട്ടയില്‍ 17കാരന് ദാരുണാന്ത്യം

അപകടത്തിന് ശേഷം ബൈക്കുമായി കടക്കാന്‍ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയില്‍ അപകടത്തില്‍ പരുക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. സുധീഷിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സുധീഷിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാന്‍ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പൊലീസ് കേസെടുത്തു. രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയതാണ്. പത്തനംതിട്ടകോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിന്‍സീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞുനോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവര്‍ മുങ്ങാന്‍ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ചു. ഇതിനിടെ പൊലീസ് സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.