ഹോർഷം : യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് ബാറ്റ്മിന്റണ്‍ ശനിയാഴ്ച ഹോർഷത്ത് വച്ച് ഹോർഷം റിഥം മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ പത്തു മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച ടൂർണമെന്റിന് റിഥം മലയാളി അസ്സോസിയേഷൻ സെക്രട്ടറി ശ്രീ പ്രവീണ്‍ സ്വാഗതം ആശംസിച്ചു. റീജിയണൽ പ്രസിഡന്റ് ശ്രീ റോജിമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുക്മ വൈസ് പ്രസിഡന്റ് ശ്രീ ഷാജി തോമസും ജോയിന്റ് സെക്രട്ടറി ശ്രീ റ്റിറ്റോ തോമസും ചേർന്ന് ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.
കൂടുതൽ ടീമുകളെ അയക്കുന്നതിൽ അംഗ അസ്സോസിയേഷനുകൾ എടുത്ത താല്പര്യത്തെയും കുട്ടികളും സ്ത്രീകളും ടൂർ ണമെന്റിൽ പങ്കെടുക്കാൻ ആവേശത്തോടെ മുന്നോട്ടു വരുന്നതും അഭിനന്ദനമർഹിക്കുന്നതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് റോജിമോൻ സൂചിപ്പിച്ചു. ഇരുപതോളം ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ആവേശം വിതച്ചത് പുരുഷ ഡബിൾസ് തന്നെയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ വോക്കിംഗ് മലയാളി അസ്സോസിയേഷൻ തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കിരീടം നിലനിറുത്തി. ടൂർസ് ആൻഡ് ഡിസൈൻ ഏർപ്പെടുത്തിയ എവർ റോളിങ്ങ് ട്രോഫി ഒന്നാം സ്ഥാനക്കാരായ ജോബി സനീഷ് സഖ്യത്തിന് പ്രസിഡന്റ് റോജിമോൻ സമ്മാനിച്ചപ്പോൾ അലൈഡ് ഫിനാൻഷ്യൽ സർവീസസ് സ്പോൻസർ ചെയ്ത സമ്മാനത്തുക ഡോർസെറ്റ് കേരള കമ്യുണിറ്റി സെക്രെട്ടറി ശ്രീ ബിനോയ് നല്കി ആദരിച്ചു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുജിത് സുധീപ് സഖ്യത്തിന് നാഷണൽ ജോയിന്റ് സെക്രെട്ടറി ശ്രീ റ്റിറ്റോ തോമസ് ട്രോഫി സമ്മാനിച്ചു.
പുരുഷ വിഭാഗം സിംഗിൾസിൽ വോക്കിംഗ് മലയാളി അസ്സോസിയേഷന്റെ ശ്രീ സുധീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഓക്സ്മാസിന്റെ ശ്രീ ജിതിൻ റ്റിറ്റോ രണ്ടാം സ്ഥാനം കൈപ്പിടിയിലൊതുക്കി. ഇരുവർക്കും യുക്മ സ്ഥാപക പ്രസിഡന്റും നാഷണൽ കമ്മിറ്റി മെമ്പറുമായ ശ്രീ വർഗീസ് ജോണ്‍ പി വി കുരുവിള മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി നല്കി ആദരിച്ചു. സാലിസ്ബറി മലയാളി അസ്സോസിയേഷൻ സെക്രെട്ടറി ശ്രീമതി മേഴ്സി സജീഷ് കാഷ് പ്രൈസ് സമ്മാനിച്ചു.
വനിതാ വിഭാഗം സിംഗിൾസിൽ സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ ശ്രീമതി സ്വപ്ന ഹരി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സലിസ്ബറി മലയാളി അസ്സോസിയേഷന്റെ തന്നെ ശ്രീമതി മേഴ്സി സജീഷ് രണ്ടാമതെത്തി. സ്വപ്ന ഹരിക്ക് നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ ഷാജി തോമസ് പുരസ്കാരം നൽകിയപ്പോൾ ശ്രീമതി മേഴ്സി സജീഷിനു ബേസിംഗ്സ്റോക്ക് കൾചാറൽ മലയാളി അസ്സോസിയേഷൻ ട്രെഷറാ ർ ശ്രീ സജീഷ് ടോം ട്രോഫി സമ്മാനിച്ചു.
കുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ ആതിഥേയരായ റിഥം മലയാളി അസ്സോസിയേഷന്റെ ഷോണിനു സെക്രട്ടറി ജോസ് പി എം ട്രോഫി സമ്മാനിച്ചപ്പോൾ രണ്ടാമതെത്തിയ സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ ജെറിൻ ജേക്കബിന് ആതിഥേയ അസ്സോസിയേഷൻ സ്പോർട്സ് കോർഡിനേറ്റർ ശ്രീ പദ്മരാജ് ട്രോഫി നല്കി.
മിക്സഡ് ഡബിൾസിൽ സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ തന്നെ ഷിബു ജോണ്‍ സ്വപ്ന ഹരി സഖ്യം ഒന്നാമതെത്തിയപ്പോൾ അതെ അസ്സോസിയേഷന്റെ തന്നെ ലിജേഷ് മേഴ്സി കൂട്ടുകെട്ട് രണ്ടാമതെത്തി.
വൈകുന്നേരം ഏഴുമണിയോടെ അവസാനിച്ച ടൂർണമെന്റിൽ പങ്കെടുത്ത ഏവർക്കും, റിഥം മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ അനിൽ വർഗീസിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് വൻ വിജമാക്കാൻ പ്രവർത്തിച്ച റിഥം മലയാളി അസ്സോസിയേഷൻ പ്രവർത്തകർക്കും റീജിയണൽ സെക്രെട്ടറി ശ്രീ ജോസ് പി എം നന്ദി പ്രകാശിപ്പിച്ചു. മെയ് ആദ്യ വാരത്തോടെ സംഘടിപ്പിക്കുന്ന റിജിയണൽ കായിക മേളക്ക് ഏവരുടെയും പിന്തുണ ഉണ്ടാകണമെന്ന് പ്രസിഡന്റ് റോജിമോൻ വർഗീസ് അഭ്യർ ത്ഥിച്ചു.
സാലിസ്ബറി മലയാളി അസ്സോസിയേഷനിലെ ശ്രീ ബിജു മൂന്നനപ്പളി എടുത്ത ചിത്രങ്ങൾ ചുവടെ കാണാം
https://plus.google.com/photos/118196038207010619229/albums/5989010264505592209