സിനിമയുടെ സകല മേഖലകളിലും കൈവെയ്ക്കാനുള്ള ശ്രമത്തിലാണ് യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. സ്വന്തമായി നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച താരം സംവിധാന രംഗത്തേക്ക് കടന്നുവരാനുള്ള ഒരുക്കത്തിലാണ്. കന്നിസംവിധാന സംരംഭത്തിന് ലൂസിഫര്‍ എന്നാണ് പേര്. മലയാളികളുടെ സ്വന്തം മോഹന്‍ലാലാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൂസിഫര്‍ വരുന്നുവെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. 'ലൂസിഫര്‍ ഒരു നല്ല ചിത്രമായിരിക്കും. നല്ല കഥയും, വ്യത്യസ്തമായ അവതരണ രീതിയും പ്രതീക്ഷിക്കാം. ഇതൊരു എന്റര്‍ടെയിനര്‍ ചിത്രമാകും, എല്ലാവര്ക്കും ഇഷ്ടമാകും', ഇതായിരുന്നു ലാലേട്ടന്റെ വീഡിയോ സന്ദേശം.
ഒടിയന്റെ സെറ്റിലെത്തി ലൂസിഫറിന്റെ അന്തിമ സ്ക്രിപ്റ്റ് തിരക്കഥാകൃത്തായ മുരളി ഗോപി മോഹന്‍ലാലിനെ പറഞ്ഞുകേള്‍പ്പിച്ചു. ലാലേട്ടന് സ്ക്രിപ്റ്റ് പെരുത്ത് ഇഷ്ടപ്പെട്ടെന്നാണ് പൃഥ്വി വെളിപ്പെടുത്തുന്നത്. 'മുരളിയും ഞാനും ചേര്‍ന്ന് മാസങ്ങളെടുത്താണ് തിരക്കഥ രചന പൂര്‍ത്തിയാക്കിയത്. ഇനിയും ഏറെ പോകാനുണ്ട്. ഷൂട്ടിംഗ് തീയതികളും മറ്റ് താരനിരയും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല', പൃഥ്വിരാജ് പറയുന്നു.