വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാറും നടന്‍ ടൊവിനോ തോമസും തമ്മിലുള്ള തര്‍ക്കം കടുക്കുകയാണ്. സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിയിരുന്നു. ലൈവില്‍ സംവിധായകന്റെ ചാറ്റ് ഉള്‍പ്പടെ നിരത്തിയായിരുന്നു ടൊവിനോ കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമ മേഖലയിലെ നിരവധി പേര്‍ ടൊവിനോയ്ക്ക് പിന്തുണയും അറിയിച്ചു. എന്നാല്‍ ടൊവിനോയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ മറുപടി.
കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടൊവിനോയെന്ന് സംവിധായകന്‍ പറയുന്നു. തന്റെ സോഷ്യല്‍ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാത്തതെങ്കില്‍ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യണമെന്നും സനല്‍കുമാര്‍ ആവശ്യപ്പെട്ടു. പറഞ്ഞ കാര്യങ്ങള്‍ സത്യമായതിനാല്‍ തന്നെ ഈ വിഷയത്തിന്‍ മേല്‍ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താന്‍ തയ്യാറല്ലായെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.
'വഴക്ക് സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി എന്നോണം ടോവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടോവിനോ പ്രതികരിക്കാന്‍ തയ്യാറായി എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ അസത്യങ്ങള്‍ പറഞ്ഞു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതില്‍ സങ്കടമുണ്ട്. ചില കാര്യങ്ങള്‍ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു.
1. എനിക്ക് 'വഴക്ക്' സിനിമയില്‍ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ല. ടോവിനോ തോമസും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളത്. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചത്. ഗിരീഷ് നായരുടെ സുഹൃത്തായ ഷമീര്‍ ആയിരുന്നു പാരറ്റ് മൗണ്ട് പിക്‌ച്ചേഴ്‌സിന് വേണ്ടി പണം നിക്ഷേപിച്ചത്. സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ സമയത്ത് ഞാന്‍ ഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ ഷമീര്‍ 20 ലക്ഷമേ തന്നുള്ളൂ എന്നും തന്റെ കയ്യില്‍ ഇപ്പോള്‍ പണമില്ല എന്നും ഗിരീഷ് നായര്‍ പറഞ്ഞു. ഏഴു ലക്ഷം രൂപയോളം ആവശ്യമുള്ളതിനാല്‍ ഞാന്‍ ടോവിനോ പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന അദ്ദേഹത്തിന്റെ അച്ഛനെ സമീപിച്ചു. പറഞ്ഞുറപ്പിച്ച പണം നല്‍കിയതിനാല്‍ ഇനി പണം നല്‍കാനാവില്ല എന്നദ്ദേഹം പറഞ്ഞു. കൂടുതല്‍ പണം പാരറ്റ് മൗണ്ട് പിക്‌ച്ചേഴ്‌സ് ഇന്‍വെസ്റ്റ് ചെയ്താല്‍ തുല്യമായ തുക തങ്ങളും ഇന്‍വെസ്റ്റ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. സിനിമ പൂര്‍ത്തിയാക്കാതെ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്ന പണം ഞാന്‍ ഇടുകയായിരുന്നു. എന്റെ കയ്യില്‍ ആ സമയത്ത് കയറ്റത്തിലുള്ള എന്റെ അവകാശം എഴുതി നല്‍കിയതിന് പ്രതിഫലമായി ലഭിച്ച പണമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ പണം നിക്ഷേപിച്ചപ്പോള്‍ ടോവിനോ പ്രൊഡക്ഷന്‍ 2 ലക്ഷം രൂപ അധികമായി നിക്ഷേപിച്ചു. IFFK യില്‍ നിന്നും ലഭിച്ച പണം ഡയറക്ടര്‍ക്ക് പകുതി പ്രൊഡ്യൂസര്‍ക്ക് പകുതി എന്ന നിലയില്‍ വീതിക്കുകയാണുണ്ടായത്. എല്ലാം ഞാനെടുത്തു എന്ന് പറയുന്നത് കളവാണ്.
2. 2022 ല്‍ #വഴക്ക് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ അല്ല തെരെഞ്ഞെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ India gold എന്ന മത്സരവിഭാഗത്തില്‍ ആയിരുന്നു സെലക്ഷന്‍. അത് അക്‌സപ്റ്റ് ചെയ്യുകയും സെലക്ഷന്‍ സംബന്ധിച്ച മെയില്‍ വന്നശേഷം ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ആക്കുകയാണെന്ന് എന്നെ അവര്‍ അറിയിക്കുകയും ആണുണ്ടായത്. 'വഴക്ക്' തിയേറ്ററില്‍ കാണിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. സിനിമ ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ കാണിക്കാന്‍ ടോവിനോ സന്നദ്ധനായിരുന്നു. അങ്ങനെ കാണിച്ചാല്‍ ലീക്കാകും എന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്. പിന്നീട് 2023 ല്‍ ആ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
3. എന്റെ നിസ്സഹകരണം കാരണമാണ് 'വഴക്ക്' OTT പ്ലാറ്റ്‌ഫോമുകളില്‍ വരാത്തത് എന്ന് ടോവിനോ പറയുന്നത് കളവാണ്. ഒരുത്തരത്തിലുള്ള നിസ്സഹകരണവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ പബ്ലിക് പ്രൊഫൈല്‍ കാരണമാണ് സിനിമ എടുക്കാത്തത് എന്ന് പിന്നീട് ടോവിനോ പറയുന്നതില്‍ നിന്നും തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റുമാണ് അതിനു കാരണം എന്നും ടോവിനോ പറയുന്നുണ്ട്. 'വഴക്ക്' പൂര്‍ത്തിയായത് 2021 ലാണ്. എന്റെ അറസ്റ്റ് ഉണ്ടാകുന്നത് 2022 മേയ് മാസത്തിലാണ്. കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടോവിനോ. എന്നോടിങ്ങനെ ഒരിക്കല്‍ പോലും നേരിട്ട് ടോവിനോ പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞിരുന്നത് തിയേറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ OTT കള്‍ സിനിമ എടുക്കുന്നുള്ളു എന്നാണ്. (കേസുള്ളത് കൊണ്ട് OTT കള്‍ സിനിമ എടുക്കാത്തത് എന്റെ കാര്യത്തില്‍ മാത്രമാണ് എന്നതാണ് അത്ഭുതം)
4. ടോവിനോയുടെ മാനേജരെ സിനിമയുടെ വില്പന നടത്താന്‍ ഏല്പിക്കേണ്ടതില്ല എന്ന് പറഞ്ഞത് 2021 മുതല്‍ ഉള്ള അനുഭവങ്ങള്‍ കൊണ്ടാണ്. അയാള്‍ OTT പ്ലാറ്റ്‌ഫോമുകളുമായി സംസാരിക്കുന്നുണ്ട് എന്ന് പറയുകയും അനിശ്ചിതമായി അത് നീട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അയാളുടെ മാനേജര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് ടോവിനോ പറയുന്നതും കളവാണ്. സിനിമയുടെ വിതരണാവകാശം തീരുമാനിക്കാനുള്ള റൈറ്റ്‌സ് അയാള്‍ക്ക് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ നിരസിച്ചു എന്നത് സത്യമാണ്.
5. 'വഴക്ക്' IFFK യില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിരുന്നു എന്നത് സത്യമാണ്. ജൂറിയില്‍ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്കുവേണ്ടി ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ് സിനിമ IFFK യില്‍ വന്നത്. സിനിമ ഉള്‍പ്പെടുത്തുന്നതിന് വോട്ടെടുപ്പ് പോലും വേണ്ടി വന്നിരുന്നു. പിന്നീട് അതിന്റെ ആദ്യ പ്രദര്‍ശന വേദിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് കിട്ടാതെ വരികയും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലക്കാര്‍ടുകളുമായി കുറേപേര്‍ സമരം തുടങ്ങുകയും ചെയ്തു. സിനിമയെക്കുറിച്ചുള്ള ചര്‍ച്ച വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്.
6. തിയേറ്റര്‍ റിലീസിന്റെ കാര്യത്തില്‍ ടോവിനോ പറയുന്നതും കളവാണ്. അയാളുടെ സാധാരണ സിനിമകള്‍ തിയേറ്ററില്‍ ഉണ്ടാക്കുന്ന ആള്‍ക്കൂട്ടം എന്റെ സിനിമയ്ക്ക് കിട്ടുമെന്ന് ഞാന്‍ പറഞ്ഞിട്ടോ പ്രതീക്ഷിച്ചിട്ടോ ഇല്ല. സിനിമ റിലീസ് ചെയ്യാന്‍ പണം നിക്ഷേപിക്കാം തയാറാണ് എന്ന് ഒരാള്‍ മുന്നോട്ട് വന്നപ്പോള്‍ നാല്പതോ അന്‍പതോ തിയേറ്ററുകളില്‍ മിനിമം തുക ചിലവാക്കി സിനിമ റിലീസ് ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധമില്ലാത്ത വോയിസ് ക്ലിപ്പുകള്‍ കേള്‍പ്പിക്കുന്ന ടോവിനോ അയാള്‍ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് പറഞ്ഞ വോയിസ് ക്ലിപ്പ് കേള്‍പ്പിക്കാന്‍ തയാറാവുമോ?
7. ടോവിനോയുമായുള്ള കമ്യൂണിക്കേഷന്‍ മുടങ്ങിയത് 2023 ജൂലൈമുതലാണ്. പല സന്ദര്‍ഭങ്ങളിലായി ഈ സിനിമ ചര്‍ച്ചയില്‍ വരുന്നതുപോലും ടോവിനോ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് മനസിലായതുകൊണ്ടായിരുന്നു അത്. 2023 ജൂണ്‍ മാസത്തില്‍ കാനഡയിലെ ഒട്ടാവാ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് വഴക്കിനു ലഭിച്ചു. അത് ഞാന്‍ ടോവിനോയ്ക്ക് അയച്ചുകൊടുത്ത ശേഷം അതൊന്ന് ഷെയര്‍ ചെയ്യാമോ എന്ന് ചോദിച്ചു. അയാള്‍ മറുപടി തന്നില്ല. ഷെയര്‍ ചെയ്തുമില്ല. പിന്നീട് റോമാനിയയിലെ അനോനിമുല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ സിനിമ സെലക്ഷന്‍ വന്നപ്പോഴും സമാനമായ സംഭവമുണ്ടായി. ടോവിനോയ്ക്ക് ഇന്‍വിറ്റേഷനും യാത്രതാമസചെലവുകളും വഹിക്കാന്‍ ഫെസ്റ്റിവല്‍ തയാറായപ്പോഴും ടോവിനോ വേണ്ടത്ര താല്പര്യം കാണിക്കാതെ വന്നു. (അത് അയാളുടെ വ്യക്തിപരമായ സൗകര്യമാണ് പക്ഷെ സിനിമയ്ക്ക് ഗുണകരമാവുന്ന ഒരു ഇവന്റായിരുന്നു അത്) ഇക്കാരണങ്ങള്‍ കൊണ്ട് ഇനി സിനിമയെക്കുറിച്ച് ടോവിനോയോട് സംസാരിക്കേണ്ടതില്ല എന്ന് കരുതിയതായിരുന്നു.
8. എന്തായാലും സിനിമ പുറത്തിറങ്ങുന്നില്ല എന്നത് വാസ്തമാണ്. ഞാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് എന്നത് കളവുമാണ്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധ്യത തെളിഞ്ഞപ്പോള്‍ വിതരണം ചെയ്യാമോ എന്ന് ചോദിച്ച് ഞാന്‍ സെഞ്ചുറി പിക്‌ച്ചേഴ്‌സിനെ സമീപിച്ചിരുന്നു. അവര്‍ക്ക് പണം മുടക്കില്ലാത്ത കാര്യമാണെങ്കില്‍ വിതരണം ചെയ്യുന്ന കാര്യം അവര്‍ പരിഗണിക്കാം എന്ന് പറയുകയും സിനിമ അവര്‍ കാണുകയും ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ട് അവര്‍ തീരുമാനം മാറ്റി എന്നെനിക്ക് അറിയില്ല.
ഒരുകാര്യമുണ്ട് ടോവിനോ, നിങ്ങളെ ആളുകള്‍ തെറ്റിധരിക്കുമോ ശരിയായി ധരിക്കുമോ എന്നൊക്കെയുള്ള ആശങ്ക കൊണ്ടാണല്ലോ നിങ്ങള്‍ ഇപ്പോള്‍ ലൈവില്‍ പ്രതികരിച്ചത്. അതില്‍ എത്ര കള്ളം എത്ര സത്യം എന്ന് മറ്റാര്‍ക്കും അറിയില്ലെങ്കിലും നിങ്ങള്‍ക്ക് അറിയാമല്ലോ അല്ലെ, അതുമതി. നിങ്ങള്‍ക്ക് അറിയാവുന്ന സത്യം ഈ പ്രപഞ്ചത്തിനും അറിയാം. മറ്റുള്ളതൊക്കെ താല്‍ക്കാലികമായ ധാരണകള്‍ മാത്രം. പക്ഷെ പ്രപഞ്ചത്തിന് അറിയാവുന്ന സത്യത്തിന് അപാരമായ ശക്തിയുണ്ട് എന്ന് ഓര്‍ക്കുക. ഞാന്‍ പറഞ്ഞതൊക്കെ സത്യമായതുകൊണ്ട് മാപ്പുപറയാനും കോപ്പുപറയാനും ഒന്നും ഞാന്‍ തയ്യാറല്ല. അതൊക്കെ പോട്ടെ എന്റെ മാനസിക നിലയെക്കുറിച്ചൊക്കെ ലൈവില്‍ വല്ലാതെ ആശങ്കപ്പെടുന്നുണ്ടല്ലോ ടോവിനോ. നന്ദി. സിനിമയോട് കൂറുണ്ടെങ്കില്‍ ടോവിനോ സത്യത്തില്‍ ചെയ്യേണ്ടത് സിനിമ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. OTT പ്ലാറ്റ് ഫോമുകള്‍ ഒന്നും തയാറാവുന്നില്ല എങ്കില്‍ യുട്യൂബില്‍ റിലീസ് ചെയ്താലും മതി എന്നാണ് സനല്‍കുമാറിന്റെ വിശദീകരണം.