ഏറെനാളായി നടക്കുന്ന ശമ്പളതര്‍ക്കത്തിന് അന്ത്യം കുറിയ്ക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. പുറമെ നിന്നുള്ള മധ്യസ്ഥര്‍ ഇടപെട്ട് നടത്തുന്ന തീവ്രചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കമ്മിറ്റി സമ്മതിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുഴുവന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വിവിധ ഘട്ടങ്ങളിലായി സമരങ്ങള്‍ നടത്തിവരികയായിരുന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് കനത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. പരിശീലനത്തിലുള്ള ഡോക്ടര്‍മാരുടെ സമരനടപടികള്‍ ഒടുവില്‍ അവസാനിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
'ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ പേരില്‍ ഒരു വര്‍ഷത്തിലേറെയായി ഗവണ്‍മെന്റുമായി തര്‍ക്കത്തിലാണ്. ഇത് പരിഹരിക്കാന്‍ വിവിധ വഴികള്‍ തേടുന്നുണ്ട്. സ്വതന്ത്ര മധ്യസ്ഥന്റെ ഇടപെടലില്‍ ഈ തര്‍ക്കം പരിഹരിക്കാമെന്നാണ് കരുതുന്നത്. എത്രയും വേഗം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', ബിഎംഎം ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി കോ-ചെയറുകളായ ഡോ. റോബര്‍ട്ട് ലോറെന്‍സണ്‍, ഡോ. വിവേക് തൃവേദി എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡോക്ടര്‍മാര്‍ക്ക് 10.3 ശതമാനം ശമ്പള വര്‍ദ്ധന നല്‍കിക്കഴിഞ്ഞെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും വകുപ്പ് സ്വരം മാറ്റിയിട്ടുണ്ട്.