CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 19 Seconds Ago
Breaking Now

തെരേസ മേയ് 200, വിമതര്‍ 117; പ്രധാനമന്ത്രിക്ക് എതിരെയുള്ള അട്ടിമറി ശ്രമവും പാളി; അവിശ്വാസ നീക്കം അതിജീവിച്ച മേയ് ബ്രസല്‍സിലേക്ക് പറന്നു ബ്രക്‌സിറ്റ് കരാറില്‍ ഇളവുകള്‍ക്കായി യാചിക്കാന്‍; പാര്‍ട്ടിയുടെ അധികാരം നഷ്ടപ്പെടുമെന്ന ഭീഷണി ഏറ്റു

അവിശ്വാസം തള്ളിയതോടെ അടുത്ത 12 മാസത്തേക്ക് മേയ് ഭീഷണിയെ അതിജീവിക്കും

യൂറോപ്പ് വിരുദ്ധ എംപിമാര്‍ നയിച്ച അട്ടിമറി ശ്രമത്തെ അതിജീവിച്ച് തെരേസ മേയ്. കണ്‍സര്‍വേറ്റീവ് എംപിമാരുടെ അവിശ്വാസ നീക്കം 117-നെതിരെ ഇരുനൂറ് വോട്ടുകളുടെ പിന്‍ബലത്തോടെ പൊളിച്ചടുക്കിയാണ് മേയ് തന്റെ പ്രധാനമന്ത്രി കസേര തല്‍ക്കാലത്തേക്ക് സംരക്ഷിച്ചത്. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് താന്‍ താഴെയിറങ്ങാമെന്ന് അവര്‍ വിമത എംപിമാര്‍ക്ക് ഉറപ്പുനല്‍കി. വിശ്വാസവോട്ട് നേടിയതോടെ പ്രധാനമന്ത്രി കൂടുതല്‍ ഇളവുകള്‍ക്കായി യാചിക്കാന്‍ ബ്രസല്‍സിലേക്ക് പറന്നു. ഇയു നേതാക്കളില്‍ നിന്നും നിയമവിധേയമായ ഉറപ്പുകള്‍ വിഷയത്തില്‍ നേടി ബ്രക്‌സിറ്റ് കരാര്‍ കോമണ്‍സില്‍ പാസാക്കുകയാണ് ഇനി മേയുടെ മുന്നിലുള്ള ലക്ഷ്യം. 

എന്നാല്‍ മേയ്ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതികള്‍ തങ്ങള്‍ക്ക് മുന്നിലില്ലെന്നാണ് ഇയു ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ഓഫറുകളൊന്നും ബ്രിട്ടന് നല്‍കാന്‍ കഴിയില്ലെന്ന വാശിയിലാണ് ബ്രസല്‍സ്. അതേസമയം പ്രധാന തര്‍ക്കവിഷയമായ ഐറിഷ് അതിര്‍ത്തിയിലെ ബാക്ക്‌സ്റ്റോപ്പ് തങ്ങള്‍ എടുത്ത് ഉപയോഗിക്കില്ലെന്ന് ഇയു വ്യക്തമാക്കിയേക്കും. അന്തിമ ഉപകരണമായി മാത്രമാകും ഇത് പ്രയോജനപ്പെടുത്തുക. ഇതിന്റെ പേരില്‍ കൂടുതല്‍ നിയമപരമായ ഉറപ്പുകള്‍ നല്‍കില്ലെന്നും ബ്രസല്‍സ് വാദിക്കുന്നു. അവിശ്വാസം മറികടന്നെത്തുന്ന മേയ്ക്ക് എംപിമാരുടെ ആശങ്കകള്‍ ഫലപ്രദമായി ഇയു നേതാക്കളെ ബോധിപ്പിക്കാന്‍ സാധിച്ചാല്‍ ജനുവരി 21ന് മുന്‍പ് തന്നെ പുതിയ കരാര്‍ കോമണ്‍സിന് മുന്നില്‍ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയും. 

മാസങ്ങള്‍ നീണ്ട വിമത നീക്കങ്ങള്‍ക്കും തെരേസ മേയെ പുറത്താക്കുന്ന തരത്തിലേക്ക് എത്തിക്കാന്‍ വിമത എംപിമാര്‍ക്ക് സാധിച്ചില്ല. ഇതിന് പ്രധാന കാരണമായി പറയുന്നത് ബ്രക്‌സിറ്റ് കരാര്‍ തന്നെയാണ്. തന്നെ മാറ്റിയാല്‍ പുതിയ കരാര്‍ ചര്‍ച്ച ചെയ്യാന്‍ സമയം ലഭിക്കില്ലെന്നും ഇത് ബ്രക്‌സിറ്റ് വൈകിക്കുകയോ, പാര്‍ട്ടിയുടെ ഭരണം നഷ്ടമായി ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയോ ചെയ്യുമെന്ന ഭീഷണിയാണ് ഈ വിജയത്തിന് പിന്നില്‍. ക്യാബിനറ്റ് മന്ത്രിമാര്‍ ഇതോടെ മേയ്ക്ക് പിന്തുണയുമായി അണിനിരക്കുകയായിരുന്നു. അവിശ്വാസം തള്ളിയതോടെ അടുത്ത 12 മാസത്തേക്ക് മേയ് ഭീഷണിയെ അതിജീവിക്കും. എന്നാല്‍ 2022-ന് നടക്കേണ്ട അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് താന്‍ രാജിവെയ്ക്കുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കേണ്ട അവസ്ഥയുണ്ടായി. 

ബ്രക്‌സിറ്റ് കരാര്‍ പാസാക്കുകയെന്ന ന്യായീകരണത്തിന് ബ്രസല്‍സ് എത്രത്തോളം പിന്തുണ നല്‍കുമെന്ന് ഉറപ്പില്ല. പഴയ കരാര്‍ പൊടിതട്ടി അവതരിപ്പിക്കേണ്ടി വന്നാല്‍ കാര്യങ്ങള്‍ ഏത് വഴിയിലേക്ക് പോകുമെന്ന് ഇപ്പോള്‍ പറയാനും കഴിയില്ല.  




കൂടുതല്‍വാര്‍ത്തകള്‍.