CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 29 Seconds Ago
Breaking Now

പാക് വംശജന്‍ സാജിദ് ജാവിദ് രാജിവെച്ചു; ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ ഋഷി സുനാക് ഇനി ബ്രിട്ടന്റെ ധനമന്ത്രി!

ഫാര്‍മസിസ്റ്റായ അമ്മയുടെയും, എന്‍എച്ച്എസ് ജിപിയായ പിതാവിന്റെയും മകനാണ് ഋഷി സുനാക്‌

യുകെയുടെ പുതിയ ചാന്‍സലറായി ഇന്ത്യന്‍ വംശജനായ ഋഷി സുനാകിനെ നിയോഗിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്യാബിനറ്റ് പൊളിച്ചടുക്കല്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ് സുനാക്. ഇതോടെ ഹോം സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം യുകെ സര്‍ക്കാരിലെ ഉന്നത പദവിയിലേക്കാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 

2019 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച ബോറിസ് സര്‍ക്കാരിനെ ഞെട്ടിച്ചാണ് പാക് വംശജനായ സാജിദ് ജാവിദ് രാജിവെച്ചത്. ഇതോടെയാണ് ട്രെഷറി ചീഫ് സെക്രട്ടറിയായി സേവനം നല്‍കിയ സുനാകിന് പ്രൊമോഷന്‍ ലഭിച്ചത്. സര്‍ക്കാരിലെ രണ്ടാമത്തെ സുപ്രധാന അധികാരസ്ഥാനമാണ് ചാന്‍സലറുടേത്. 

ഈ 39-കാരന്‍ ഉടന്‍ തന്നെ പ്രധാനമന്ത്രി കാര്യാലയത്തിന് അടുത്തുള്ള നം.11 ഡൗണിംഗ് സ്ട്രീറ്റിലേക്ക് താമസം മാറും. എക്‌സ്‌ചെക്കറുടെ ചാന്‍സലറായി ബഹുമാന്യനായ ഋഷി സുനാകിന്റെ നിയമനം രാജ്ഞി അംഗീകരിച്ചു, ഡൗണിംഗ് സ്ട്രീറ്റ് ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിച്ചു. 

യോര്‍ക്ക്ഷയര്‍ റിച്ച്മണ്ടിലെ എംപിയായ ഋഷി സുനാക് മൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവാണ്. 2015ല്‍ ആദ്യമായി യുകെ പാര്‍ലമെന്റില്‍ എത്തിയ ഇദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരകമായി മാറി. ബ്രക്‌സിറ്റ് അനുകൂലിയായ സുനാക് ബോറിസ് ജോണ്‍സന്റെ ഇയു പദ്ധതിയെ പിന്താങ്ങിയ വ്യക്തിയാണ്. 

ഫാര്‍മസിസ്റ്റായ അമ്മയുടെയും, എന്‍എച്ച്എസ് ജിപിയായ പിതാവിന്റെയും മകനായി യുകെയില്‍ പിറന്ന ഋഷി സുനാക് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റാണ്. 1 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ആഗോള നിക്ഷേപക സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍ കൂടിയായ സുനാക് ചെറുകിട ബ്രിട്ടീഷ് ബിസിനസ്സുകളില്‍ നിക്ഷേപിച്ച ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.