CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 1 Seconds Ago
Breaking Now

മഴ കഴിഞ്ഞാല്‍ വരുന്നത് 8 ഇഞ്ച് മഞ്ഞ്; തെയിംസ് നദി കരകവിഞ്ഞതോടെ ബെര്‍ക്ഷയറില്‍ വമ്പന്‍മാരുടെ വീടുകളിലും വെള്ളം കയറി; വെള്ളിയാഴ്ചയും മഴയ്ക്ക് ശമനമില്ല, വെള്ളപ്പൊക്കത്തിനും; നോര്‍ത്ത് ഇംഗ്ലണ്ടില്‍ 65 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റും

ഹെറെഫോര്‍ഡ്ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലെ ദുരിതം ഇനിയും കനക്കുമെന്നും മുന്നറിയിപ്പ്

ബെര്‍ക്ഷയര്‍ സോണിംഗില്‍ ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണിയും, ഭാര്യയും മനുഷ്യാവകാശ അഭിഭാഷകയുമായ അമാല്‍ ക്ലൂണിയും താമസിക്കുന്ന ബംഗ്ലാവും വെള്ളപ്പൊക്കത്തിന്റെ പിടിയില്‍ അമര്‍ന്നു. തെയിംസ് നദി കരകവിഞ്ഞതോടെയാണ് ഹോളിവുഡ് താരത്തിന്റെ ടെന്നീസ് കോര്‍ട്ടും, വരാന്തയിലും വെള്ളമെത്തിയത്. 17-ാം നൂറ്റാണ്ടിലെ ഗ്രേഡ് 2 പട്ടികയില്‍ പെട്ട വീട് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. 2016 വെള്ളപ്പൊക്കത്തിലും ഇവിടെ വെള്ളം കയറിയിട്ടുണ്ട്. 

അതേസമയം വെള്ളിയാഴ്ചയും മഴയ്ക്ക് ശമനം ഉണ്ടാകില്ലെന്നാണ് വിവരം. ഇതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളപ്പൊക്കം എത്തിച്ചേരും. ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ 65 എംപിഎച്ച് വരെ വേഗതയിലാണ് കാറ്റ് വീശുക. ഇവിടെ ഗതാഗത സംവിധാനങ്ങളില്‍ തടസ്സം നേരിടും. ഇതിന് പുറമെ സ്‌കോട്ട്‌ലണ്ടില്‍ ആഴ്ചാവസാനത്തോടെ എട്ട് ഇഞ്ച് വരെ മഞ്ഞിനുമാണ് കാലാവസ്ഥ പ്രവചനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനിടെ ബോറിസ് ജോണ്‍സണ്‍ മറ്റ് വിഷയങ്ങളുമായി തിരക്കിലായത് വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ടോറികളെ പിന്തുണച്ച ജനങ്ങളെ രോഷത്തിലാക്കുകയാണ്. 

വെള്ളപ്പൊക്കത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പോരെന്നാണ് ആരോപണം ഉയരുന്നത്. ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുകയാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമെന്ന് ജെറമി കോര്‍ബിന്‍ പറഞ്ഞു. സൗത്ത് വെയില്‍സില്‍ ഡെന്നീസ് കൊടുങ്കാറ്റ് തിമിര്‍ത്താടിയ റൈഡിഫെലിന്‍ സന്ദര്‍ശിക്കുകയായിരുന്നു ലേബര്‍ നേതാവ്. ഷ്രോപ്ഷയര്‍ അയേണ്‍ബ്രഡ്ജില്‍ സേവേണ്‍ നദിയുടെ ഒരു ഭാഗത്ത് മാത്രം വെള്ളപ്പൊക്കം തടയാനുള്ള തടയണകള്‍ ഉയര്‍ന്നത് ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ആഴ്ചാവസാനത്തോടെ നോര്‍ത്ത് ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലേക്കും വെള്ളപ്പൊക്കം എത്തിച്ചേരുമെന്നാണ് എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ മുന്നറിയിപ്പ്. 

പെന്നൈന്‍സ്, യോര്‍ക്ക്ഷയറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കം തീര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയാണ് ഇതിന് കാരണം. ഹെറെഫോര്‍ഡ്ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലെ ദുരിതം ഇനിയും കനക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വീടുകള്‍ ഇന്‍ഷ്വര്‍ ചെയ്യാത്തവര്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുമെന്ന് ബ്രൈറ്റ് ബ്‌ളൂ മുന്നറിയിപ്പ് നല്‍കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.