ഇന്ത്യയുടെ വന്‍മതില്‍ എന്നറിയപ്പെടുന്ന ഒരാളെയുള്ളൂ, സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്. ആ വന്‍മതിലിന്റെ ബലത്തില്‍ അണിനിരന്ന യുവടീമിന് ഒരു ലോകകപ്പില്‍ കുറഞ്ഞതൊന്നും സ്വന്തമാക്കാന്‍ ഉണ്ടായിരുന്നില്ല. ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ നാലാം കിരീട നേട്ടം സ്വന്തമാക്കുമ്പോള്‍ ഇത് പരിശീലകന്റെ കൂടി വിജയമായി മാറിയത് ഇതാദ്യമായാകും.
മൗണ്ട് മൗഗനുവിലെ ബേ ഓവലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ യുവനിര ലോകകപ്പില്‍ മുത്തമിട്ടത്. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമായി ഇതോടെ ഇന്ത്യ. ഓസ്ടട്രേലിയയാണ് രണ്ടാം സ്ഥാനത്ത്, മൂന്ന് കപ്പുകള്‍. 2000-ല്‍ മുഹമ്മദ് കൈഫും, 2008-ല്‍ വിരാട് കോഹ്‌ലിയുടെയും, 2012-ല്‍ ഉന്‍മുക്ത് ചന്തിന്റെയും നേതൃത്വത്തിലായിരുന്നു കിരീടങ്ങള്‍ നേടിയത്.
217 റണ്ണാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ കുറിച്ചത്. ആകാശത്ത് മഴയുടെ മേഘങ്ങള്‍ ഉരുണ്ട് കൂടിയെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിര ഇതൊന്നും പരിഗണിച്ചില്ല. ടൂര്‍ണമെന്റില്‍ ഉടനീളം ഫോമില്‍ കളിച്ച ഓപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു പൃഥ്വി ഷോയും, മന്‍ജോത് കള്‍റയും. നാലാം ഓവര്‍ എറിയുമ്പോഴേക്കും മഴയെത്തി. ഈ തടസ്സം മാറി കളി തുടങ്ങിയപ്പോഴും കൂട്ടുകെട്ട് ശക്തമായി നിലകൊണ്ടു. ഓവര്‍ 11.3 എത്തിയപ്പോള്‍ വില്‍ സതര്‍ലണ്ട് പൃഥ്വിയെ (29) പുറത്താക്കി. ഇന്ത്യ 71/1.
പിന്നീടെത്തിയ ശുഭ്മാന്‍ ഗില്‍ മന്‍ജോതിനൊപ്പം ചേര്‍ന്ന് 16-ാം ഓവറില്‍ ഇന്ത്യയെ മൂന്നക്കം കടത്തി. ഇരുവരും ശക്തമായി കളിച്ചതോടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നീങ്ങി. വിക്കറ്റിനായി ഓസ്‌ട്രേലിയ കേണുതുടങ്ങി. ഒടുവില്‍ 21.2 ഓവറില്‍ ഗില്ലിനെ 31 റണ്ണില്‍ പുറത്താക്കി അവര്‍ ആശ്വാസം കണ്ടെത്തി. വിക്കറ്റ്കീപ്പര്‍ ഹര്‍വിക് ദേശായി വന്നതോടെ മന്‍ജോത് ഒന്നുകൂടി നിലയുറപ്പിച്ചു.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ പന്തുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പാഞ്ഞുതുടങ്ങി. 39-ാം ഓവറില്‍ മന്‍ജോത് സെഞ്ചുറിയും തികച്ച് ഇന്ത്യയെ വിജയത്തിന് അരികിലേക്കെത്തിച്ചു. അതേ ഓവറില്‍ ദേശായി ബൗണ്ടറി പായിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മന്‍ജോത് പുറത്താകാതെ 101 റണ്ണും, ദേശായി 47-ലും നില്‍ക്കവെയായിരുന്നു വിജയം.
ഇന്ത്യയുടെ വന്‍മതില്‍ ആയിരുന്നെങ്കിലും രാഹുല്‍ ദ്രാവിഡ് ഇതാദ്യമായാണ് ഒരു ലോകകപ്പ് ഉയര്‍ത്തുന്നത്.