ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സിമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു. 46-ാം വയസ്സിലാണ് സിമണ്ട്‌സിന്റെ ഞെട്ടിക്കുന്ന വിയോഗം. ഇതോടെ ക്രിക്കറ്റ് ലോകവും, ഓസ്‌ട്രേലിയയും ദുഃഖത്തിലായി.
ശനിയാഴ്ച രാത്രി 10.30-ഓടെ നോര്‍ത്ത് ക്യൂന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയില്‍ വെച്ചാണ് വിരമിച്ച ഓള്‍-റൗണ്ടര്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നിമാറി മറിഞ്ഞത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ കാറിലെ ഏക യാത്രക്കാരനായ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായ പരുക്കുകള്‍ മൂലം മരണത്തിന് കീഴടങ്ങിയെന്ന് ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് വ്യക്തമാക്കി.
അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അപകടത്തില്‍ പെട്ട കാറില്‍ നിന്നും സിമണ്ട്‌സിനെ പുറത്തെത്തിച്ചാണ് പാരാമെഡിക്കുകള്‍ ചികിത്സ നല്‍കിയത്. താരത്തിന്റെ നായകളും വാഹനത്തിലുണ്ടായിരുന്നു. അപകടസ്ഥലത്ത് റോഡില്‍ വാഹനം തെന്നിയ പാടുകളുണ്ടെന്ന് കൊറിയര്‍ മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശവാസികളാണ് സംഭവസ്ഥലത്തേക്ക് ആദ്യമെത്തി പ്രാഥമിക ചികിത്സ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ആന്‍ഡ്രൂ സിമണ്ട്‌സ് മദ്യപിച്ചിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. താരത്തിന്റെ മരണം കുടുംബം സ്ഥിരീകരിച്ചു. സുഹൃത്തുക്കളും, ആരാധകരും തങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നതില്‍ അവര്‍ നന്ദി രേഖപ്പെടുത്തി.
'ഞങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. രണ്ട് മക്കളെ കുറിച്ചാണ് ഇപ്പോള്‍ ചിന്ത. കുട്ടികള്‍ക്ക് അദ്ദേഹം വളരെ വലുതായിരുന്നു', സിമണ്ട്‌സിനെ സ്മരിച്ച് ഭാര്യ ലോറ പ്രതികരിച്ചു. 2 വയസ്സുള്ള ബില്ലി, 4 വയസ്സുള്ള ഷോള്‍ എന്നിവരാണ് ഇവരുടെ മക്കള്‍. മറ്റൊരു ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയില്‍ വോണ്‍ മാര്‍ച്ചിലാണ് തായ്‌ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ഇതിന് പിന്നാലെയാണ് സിമണ്ട്‌സിന്റെ വിടവാങ്ങല്‍.