'ആദിപുരുഷി'ന് ശേഷം മറ്റൊരു രാമായണ കഥയുടെ സിനിമാറ്റിക് വേര്‍ഷന്‍ അണിയറയിലാണ്. ആദിപുരുഷ് നേരിട്ട വിമര്‍ശനങ്ങളെയും ട്രോളുകളെയും ബോക്‌സ് ഓഫീസ് പരാജയങ്ങളെയും മറികടക്കാന്‍ പുതിയ 'രാമായണ'ത്തിന് കഴിയുമെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സായി പല്ലവി, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ രാമനും സീതയുമായി അഭിനയിക്കുന്നത്. രാമന്റെ വേഷത്തിലുള്ള രണ്‍ബീര്‍ കപൂറിന്റെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങള്‍ വൈറലായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രണ്‍ബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ക്ലീന്‍ ഷേവ് ചെയ്ത രണ്‍ബീറിന്റെ രാമന്‍ ലുക്ക് പോര എന്നാണ് അഭിപ്രായം. രാമനെ വരച്ചുവച്ചതുപോലെയുണ്ടെന്നും ഇരുവരുടെയും മേക്കപ്പും വസ്ത്രധാരണവും നന്നായിട്ടില്ല എന്നും കമന്റുകളെത്തുന്നുണ്ട്. രാമനായി രണ്‍ബീറിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്നും എന്നാല്‍ സായി പല്ലവി നല്ല ചോയിസ് ആണെന്നും അഭിനയത്തിന്റെ കാര്യത്തിലും തങ്ങള്‍ക്ക് സംശയമില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.