CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 11 Seconds Ago
Breaking Now

പൊലീസ് റിപ്പോര്‍ട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; രോഹിത് വെമുല കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് 2018ല്‍ തയ്യാറാക്കിയതാനെന്നാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഡിജിപി രവി ഗുപ്ത അറിയിച്ചത്

രോഹിത് വെമുലയുടെ മരണം പുനരന്വേഷിക്കാന്‍ ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍. രോഹിത് വെമുല ദളിതനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്. ഇത് തള്ളി തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് 2018ല്‍ തയ്യാറാക്കിയതാനെന്നാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഡിജിപി രവി ഗുപ്ത അറിയിച്ചത്. ഇതാണ് 2024 മാര്‍ച്ച് 21ന് കോടതിയില്‍ ഔദ്യോഗികമായി സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ഡിജിപി വിശദീകരിക്കുന്നു.

അന്വേഷണത്തില്‍ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന പൊലീസ് വെള്ളിയാഴ്ച ആണ് കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദളിത് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്നും നിയമ നടപടി നേരിടേണ്ടി വരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അധികാരത്തിലേറിയാല്‍ എസ് സി/എസ് ടി വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനും അന്തസ് കാത്തുസൂക്ഷിക്കുന്നതിനുമായി രോഹിത് വെമുല നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് പോലീസ് റിപ്പോര്‍ട്ട് തള്ളി പൊലീസ് മേധാവി തന്നെ രംഗത്തെത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.