CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 36 Minutes 55 Seconds Ago
Breaking Now

ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ 'സ്‌നേഹക്കൂട്' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.

ഇപ്‌സ്വിച്ച് :  പ്രളയത്തില്‍ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെള്ളൂര്‍ വളയണിയില്‍ തമ്പിക്കും കുടുംബത്തിനും യുക്മയുടെ സ്‌നേഹക്കൂടൊരുക്കി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അഭിമാനിക്കുകയാണ്. പ്രളയാനന്തരം എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പോകാനിടമില്ലാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നിന്ന ഈ കുടുംബത്തെ താല്‍ക്കാലികമായി എച്ച് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി പാര്‍പ്പിച്ച അധികൃതര്‍ക്ക് പോലും ഭാവി പരിപാടികളെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ദാമു മാഷിന്റെ നേതൃത്വത്തില്‍ ഉള്ള മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്‌ററ് കുടുംബത്തിന്റെ ദയനീയ അവസ്ഥ മാദ്ധ്യമശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അഭിമാനമായ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ സഹായ ഹസ്തം നീട്ടുകയായിരുന്നു. ഇതിനു മുമ്പ് തന്നെ ഇത് പോലെ വീട് നഷ്ടമായ ആള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ മുന്‍ കൈ എടുത്ത ദാമു മാഷിനെയും നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിനെയും വീട് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ച് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ തയ്യാറായി.

ജോജോ തോമസ് പ്രസിഡന്റായും, ജെയിന്‍ കുര്യാക്കോസ് സെക്രട്ടറിയായുമുള്ള ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍, ഇതിനുമുന്‍പും യുക്മയുടെ ചേര്‍ന്നും അല്ലാതെയും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അശരണരുടെ കണ്ണീരൊപ്പാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഈ സംഘടന അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍, സാമ്പത്തിക ചിലവ് നോക്കാതെ ഒരു കുടുംബത്തിനുള്ള സ്വപ്നക്കൂടാണ് ഒരുക്കുന്നത് എന്ന ബോദ്ധ്യത്തോടെ പൂര്‍ണ്ണമായി പണി തീര്‍ത്ത മനോഹരമായ ഒരു വീടാണ് ഈ മാസം പത്താം തീയതി നടന്ന ചടങ്ങില്‍ വച്ച് കുടുംബത്തിന് കൈമാറിയത്.

മേവെള്ളൂരില്‍ വച്ച് നടന്ന താക്കോല്‍ ദാന ചടങ്ങില്‍, കേരള സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി, മോന്‍സ് ജോസഫ് എം എല്‍ ഏ, സി കെ ആശ എം എല്‍ എ, മേവെള്ളൂര്‍ പഞ്ചായത്ത് ഭരണാധികാരികള്‍, നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്‌ററ് അംഗങ്ങള്‍, ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ബഹുമാനപ്പെട്ട മന്ത്രി താക്കോല്‍ ദാനം നിര്‍വഹിക്കുകയും, ജനപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. 

ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അവരുടെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിനെ ക്ഷണിച്ച്, തങ്ങളുടെ ഈ ഉദ്യമവും, പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി യുക്മയുടെ വാഗ്ദാനമായ യുക്മ സ്‌നേഹക്കൂട് പദ്ധതിയില്‍ ചേര്‍ന്നതായി അറിയിക്കുകയായിരുന്നു. ഇപ്‌സ്വിച് മലയാളീ അസോസിയേഷന്റെ വിവിധങ്ങളായ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മാനിച്ചു കൊണ്ട് യുക്മ കഴിഞ്ഞ ഫാമിലിഫെസ്റ്റില്‍ വച്ച് ഗോള്‍ഡന്‍ ഗ്യാലക്‌സി അവാര്‍ഡ് നല്‍കി ആദരിച്ചു. താക്കോല്‍ കൈമാറ്റം നടന്ന ഫെബ്രുവരി 10 ന് ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അവരുടെ ഉദ്യമം സാക്ഷാല്‍ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച്, 'ഈ വീടിന്റെ ഓരോ ഇഷ്ടികയിലും, ഓരോ തരി സിമന്റിലും, നമ്മള്‍ ഇപ്‌സ്വിച്ച് മലയാളികളുടെ സ്‌നേഹം പ്രതിഫലിക്കുന്നുണ്ട്' എന്ന് പറഞ്ഞു സഹപ്രവര്‍ത്തകരെയും അസോസിയേഷന്‍ അംഗങ്ങളെയും അഭിനന്ദിച്ച പ്രസിഡണ്ട് ജോജോ തോമസ് യുക്മക്കും മേവെള്ളൂര്‍ നാട്ടുകൂട്ടത്തിനും, മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും ഉള്ള കൃതജ്ഞത അര്‍പ്പിക്കാനും മറന്നില്ല.

 

ബാലസജീവ് കുമാര്‍ 

യുക്മ പി ആര്‍ ഒ 




കൂടുതല്‍വാര്‍ത്തകള്‍.