Breaking Now

ചൈനയുമായുള്ള ജലതര്‍ക്കം: നിര്‍ദേശങ്ങളുമായി ഇന്ത്യ

ജല കമ്മീഷന്‍ രൂപവത്കരിക്കുകയോ സര്‍ക്കാര്‍തല ചര്‍ച്ച നടത്തുകയോ തര്‍ക്കപരിഹാരത്തിന് കരാറുണ്ടാക്കുകയോ ചെയ്യണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം.

ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ജലതര്‍ക്കം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി ഇന്ത്യ. ജല കമ്മീഷന്‍ രൂപവത്കരിക്കുകയോ സര്‍ക്കാര്‍തല ചര്‍ച്ച നടത്തുകയോ തര്‍ക്കപരിഹാരത്തിന് കരാറുണ്ടാക്കുകയോ ചെയ്യണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം.

ടിബറ്റില്‍ ബ്രഹ്മപുത്ര നദിയില്‍ മൂന്ന് അണക്കെട്ടുകള്‍ കൂടി നിര്‍മിക്കാന്‍ ചൈന അനുമതി നല്‍കിയതാണ് ഇന്ത്യ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ കാരണം. ഇന്ത്യയെ അറിയിക്കാതെ പണിയുന്ന ഒരണക്കെട്ടിന് പുറമേയാണിത്.

ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി തീരുമാനിക്കാന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെയും ബഹിരാകാശ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാന്‍ ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ സമീപിച്ചതാണ് ഈ യോഗത്തിന് കാരണം. ബ്രഹ്മപുത്രയിലെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നദീജല കാര്യത്തില്‍ ഇന്ത്യയും ചൈനയും ആശയവിനിമയം നടത്താറുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് ബെയ്ജിങ്ങില്‍ പറഞ്ഞത്. എന്നാല്‍, 2015-ല്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ മൂന്ന് അണക്കെട്ടുകളുടെ കാര്യം ഇന്ത്യയെ അറിയിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല. 'യാര്‍ലുങ് സാങ്‌ബോ' എന്നാണ് ചൈനയില്‍ ബ്രഹ്മപുത്രയെ വിളിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഏതാണ്ട് മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ബ്രഹ്മപുത്രയില്‍ അണക്കെട്ടു പണിയാന്‍ ചൈന തീരുമാനിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.