Breaking Now

റെയില്‍വേ ചരക്കുകൂലി വീണ്ടും കൂട്ടാന്‍ സാധ്യത

ഫെബ്രുവരി 26ന് അവതരിപ്പിക്കാനിരിക്കുന്ന പുതിയ റെയില്‍വേ ബജറ്റില്‍ ചരക്കുകൂലി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ആശങ്ക.

ഡീസല്‍ വില വര്‍ധിച്ചത് മൂലമുണ്ടായ അധിക ചെലവ് നികത്താനെന്ന പേരിലാണ് റെയില്‍വേ മന്ത്രാലയം വീണ്ടും ചരക്ക്കൂലി വര്‍ധനക്കുള്ള നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ റെയില്‍വേ ചരക്ക്കൂലി 20 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ചരക്ക് കടത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലക്ഷ്യം കൈവരിക്കാന്‍ റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. പ്രതീക്ഷിച്ചതിലും 15 മെട്രിക് ടണ്‍ കുറവ് ചരക്ക് കടത്താണ് നടപ്പ് സാമ്പത്തിക വര്‍ഷമുണ്ടായത്. അതിനാല്‍ ചരക്ക്കൂലി വര്‍ധിപ്പിച്ചാലും റോഡ് മാര്‍ഗം ചരക്ക് കടത്തുന്നവരെ ആകര്‍ഷിക്കാനുള്ള നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്‍െറ നിര്‍ദേശം.എ.സി ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്ന ബജറ്റില്‍  ഇതടക്കം പുതുതായി 100ഓളം ട്രെയിനുകള്‍  ഉള്‍ക്കൊള്ളിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ സൂചന നല്‍കി. കഴിഞ്ഞ ബജറ്റില്‍ 175 പുതിയ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരുന്നത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് അവര്‍ തുടര്‍ന്നു. കോച്ചുകളും ടോയ്ലറ്റുകളും ശുചിയോടെ നിലനിര്‍ത്താന്‍ ട്രെയിനുകളില്‍ സ്ഥിരം സംവിധാനമൊരുക്കും.
കഴിഞ്ഞ ബജറ്റില്‍ 38,000 കോടി രൂപ ധനമന്ത്രാലയത്തില്‍നിന്ന് ബജറ്റ് വിഹിതമായി കണക്ക് കൂട്ടിയ റെയില്‍വേക്ക് 24,000 കോടി രൂപയാണ് കിട്ടിയത്.
ഈ വര്‍ഷം  ധനമന്ത്രാലയത്തില്‍നിന്നുള്ള വിഹിതമായി 24,000 കോടി രൂപയാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.