CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 13 Seconds Ago
Breaking Now

അങ്ങനെ പ്രസവം കഴിഞ്ഞു, ഇനി പേരിടല്‍ ചടങ്ങ്; ബ്രിട്ടന്‍ കാത്തിരിക്കുന്നത് ആ പേര് കേള്‍ക്കാന്‍; വാതുവെപ്പുകാരുടെ ഫേവറിറ്റ് പേര് ആര്‍തര്‍; കൊട്ടാരത്തിലെ ഇളമുറ തമ്പുരാന്റെ പേരിടല്‍ വൈകും?

രാവിലെ 6 മണിക്ക് പ്രസവ വേദനയുമായി എത്തിയ ഡച്ചസ് വൈകുന്നേരം 6 മണിക്ക് മൂന്നാമത്തെ കുഞ്ഞുമായി കൊട്ടാരത്തിലേക്ക് മടങ്ങി.

പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയിലെ ലിന്‍ഡോ വിംഗില്‍ പ്രസവവും കഴിഞ്ഞ് 36-കാരിയായ കേംബ്രിഡ്ജ് ഡച്ചസ് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ആണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ അനുയോജ്യമായ പേരുകള്‍ കണ്ടെത്തി അതിന്റെ പേരില്‍ ബെറ്റിംഗ് നടത്തുകയാണ് ബ്രിട്ടന്‍ ഇപ്പോള്‍. രാജകൊട്ടാരത്തിലെ ഇളമുറത്തമ്പുരാന് നല്‍കുന്ന പേര് എന്താകുമെന്നാണ് ഏവരും ശ്വാസമടക്കി പിടിച്ച് കാത്തിരിക്കുന്നത്. ജോര്‍ജ്ജിനും, ഷാര്‍ലെറ്റിനും രാജകൊട്ടാരത്തിലെ പാരമ്പര്യ രീതി മറികടന്ന് വില്ല്യമും, കെയ്റ്റും വേഗത്തില്‍ പേര് നല്‍കിയിരുന്നു. 

എന്നാല്‍ മൂന്നാമത്തെ കുഞ്ഞിന്റെ പേര് അത്ര വേഗത്തില്‍ പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2013 ജൂലൈ 24ന് പിറന്നുവീണ ജോര്‍ജ്ജ് രാജകുമാരന്റെ പേര് രണ്ട് ദിവസത്തിന് ശേഷം അറിയിച്ചു. തങ്ങളുടെ മകന് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ ലൂയിസ് എന്ന് പേര് നല്‍കാന്‍ കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും തീരുമാനിച്ച വിവരം കെന്‍സിംഗ്ടണ്‍ കൊട്ടാരമാണ് ഔദ്യോഗികമായി അറിയിച്ചത്. 'ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ജോര്‍ജ്ജ് ഓഫ് കേംബ്രിഡ്ജ്' എന്നായിരിക്കും കുട്ടി അറിയപ്പെടുകയെന്നും അന്ന് അറിയിച്ചിരുന്നു. 

ഷാര്‍ലെറ്റിനും സമാനമായ രീതിയില്‍ രണ്ട് ദിവസത്തിന് ശേഷം പേരുനല്‍കി. 2015 മെയ് 4ന് പിറന്ന കുഞ്ഞിന്റെ  പേര് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്നാകുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്യുകയായിരുന്നു. ഹെര്‍ റോയല്‍ ഹൈനസ് പ്രിന്‍സസ് ഷാര്‍ലെറ്റ് ഓഫ് കേംബ്രിഡ്ജ് എന്നാണ് ഔദ്യോഗിക നാമം. ഈ രീതി പിന്തുടര്‍ന്നാല്‍ കെയ്റ്റും, വില്ല്യമും കുട്ടിയുടെ പേര് നാളെ പ്രഖ്യാപിക്കണം. ആര്‍തറാണ് ഇപ്പോള്‍ ബ്രിട്ടന്റെ ഫേവറിറ്റ് പേര്. ഇതിന് പുറമെ ജെയിംസ്, ആല്‍ബര്‍ട്ട്, ഫിലിപ്പ് എന്നീ പേരുകളും ലിസ്റ്റിലുണ്ട്. 

പ്രസവത്തിലും കെയ്റ്റ് പതിവ് തെറ്റിച്ചില്ല. രാവിലെ 6 മണിക്ക് പ്രസവ വേദനയുമായി എത്തിയ ഡച്ചസ് വൈകുന്നേരം 6 മണിക്ക് മൂന്നാമത്തെ കുഞ്ഞുമായി കൊട്ടാരത്തിലേക്ക് മടങ്ങി. ഇനി പേരിനായി കാത്തിരിക്കാം, അതുവരെ വാതുവെപ്പ് തുടരട്ടെ!




കൂടുതല്‍വാര്‍ത്തകള്‍.