CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 49 Seconds Ago
Breaking Now

യുകെയില്‍ മണിക്കൂറുകള്‍ കൊണ്ട് ആറ് ഇഞ്ച് മഞ്ഞ് പെയ്യിച്ച് കൊടുങ്കാറ്റ്; മഞ്ഞ് ആസ്വദിക്കാന്‍ ഇറങ്ങി ലോക്ക്ഡൗണ്‍ നിബന്ധനകള്‍ തെറ്റിച്ചാല്‍ 200 പൗണ്ട് ഫൈന്‍ ഈടാക്കാന്‍ പോലീസ് കാത്തിരിക്കുന്നു; തിങ്കളാഴ്ച താപനില -4 സെല്‍ഷ്യസിലേക്കെന്ന് മെറ്റ് ഓഫീസ്

സാധാരണയായി കുറഞ്ഞ മഞ്ഞ് പെയ്യുന്ന സ്ഥലങ്ങളിലും ഇക്കുറി തണുപ്പ് ഏറുമെന്നാണ് പ്രവചനം.

യുകെയില്‍ ഞായറാഴ്ച വീശിയടിച്ച ആര്‍ട്ടിക് ഐസ് ബ്ലാറ്റ് മണിക്കൂറുകള്‍ കൊണ്ട് ആറ് ഇഞ്ച് മഞ്ഞ് പെയ്യിച്ചു. എന്നാല്‍ മഞ്ഞ് ആസ്വദിക്കാന്‍ ഇറങ്ങി ലോക്ക്ഡൗണ്‍ നിബന്ധനകള്‍ തെറ്റിക്കുന്നവര്‍ക്ക് 200 പൗണ്ട് ഫൈന്‍ അടിച്ചേല്‍പ്പിച്ച പോലീസ് സേനയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഷം ഉയര്‍ന്നു. മഞ്ഞ് കാണാന്‍ എത്തുമ്പോള്‍ ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിക്കരുതെന്നാണ് വില്‍റ്റ്ഷയര്‍, ലണ്ടന്‍, സറെ എന്നിവിടങ്ങളിലെ സേനകള്‍ കുടുംബങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. 

കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് വേണം എല്ലാമെന്നാണ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടത്. നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ നിന്ന് 200 പൗണ്ട് വരെ ഫൈന്‍ ഈടാക്കാനാണ് അധികൃതര്‍ തയ്യാറായത്. ഔട്ട്‌ഡോറില്‍ കുടുംബത്തിന് പുറത്ത് ഒരാളില്‍ കൂടുതല്‍ ചേര്‍ന്ന് വ്യായാമം ചെയ്താല്‍ പോലും പോലീസ് പിടികൂടുന്ന അവസ്ഥയായിരുന്നു. ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ ഫലപ്രദമായ ഏതെങ്കിലും കാര്യത്തിന് സേനയെ ഉപയോഗിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ പ്രതികരിച്ചത്. 

തിങ്കളാഴ്ചയോടെ - 4 സെല്‍ഷ്യസ് മുതല്‍ - 6 സെല്‍ഷ്യസ് വരെ താപനിലയിലേക്ക് താഴുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. നോട്ടിംഗ്ഹാം മുതല്‍ സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ് വരെ മഞ്ഞിനുള്ള ആംബര്‍ വാണിംഗ് നിലനില്‍ക്കുന്നുണ്ട്. ഗതാഗത തടസ്സങ്ങളും, പവര്‍ കട്ടിനും ഇതുമൂലം സാധ്യത കല്‍പ്പിക്കുന്നു. സ്വിന്‍ഡണില്‍ ഒരു പാര്‍ക്കില്‍ 200-ഓളം പേര്‍ സ്ലെഡ്ജിംഗില്‍ ഏര്‍പ്പെട്ടതോടെ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഇവരെ പോലീസ് ഇറക്കിവിട്ടു. മഞ്ഞ് ആസ്വദിക്കാന്‍ ഇറങ്ങുമ്പോള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുണ്ടെന്ന് മറക്കരുതെന്ന് വില്‍റ്റ്ഷയര്‍ പോലീസ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. 

തിങ്കളാഴ്ച കൂടുതല്‍ മഞ്ഞ് പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. മിഡിലാന്‍ഡ്‌സിലെ ചില ഭാഗങ്ങളില്‍ 6 ഇഞ്ച് മഞ്ഞ് വീഴുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ആഴ്ച വരെ ഈ പ്രതിഭാസം തുടരും. സാധാരണയായി കുറഞ്ഞ മഞ്ഞ് പെയ്യുന്ന സ്ഥലങ്ങളിലും ഇക്കുറി തണുപ്പ് ഏറുമെന്നാണ് പ്രവചനം. ഇതുമൂലം റോഡുകളില്‍ ഐസ് രൂപപ്പെടാന്‍ സാധ്യത വര്‍ദ്ധിക്കും. അപകടസാധ്യത മുന്‍നിര്‍ത്തി ശ്രദ്ധയോടെ വേണം യാത്രകള്‍ നടത്താന്‍. 




കൂടുതല്‍വാര്‍ത്തകള്‍.