CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 56 Seconds Ago
Breaking Now

പഠനത്തില്‍ മിടുക്കി, ലോണെടുത്ത് പഠിച്ച് യുകെയിലേക്ക് ജോലിയെന്ന പ്രതീക്ഷയില്‍ വിമാനത്താവളം വരെയെത്തി ; സൂര്യയെന്ന 24 കാരിയുടെ ജീവനെടുത്തത് അരളിയോ ?

പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്‍ അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്.

സൂര്യ സുരേന്ദ്രന്‍ എന്ന 24കാരി യുകെയിലേക്ക് നഴ്‌സായി പോകാനിരിക്കെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണുമരിച്ചത് വലിയ വേദനയാണ്.പഠനത്തില്‍ മിടുക്കിയായിരുന്ന സൂര്യ ബാങ്ക് ലോണെടുത്തും ഏറെ കഷ്ടപ്പെട്ടുമാണ് ബിഎസ് സി നഴ്‌സിങ് പൂര്‍ത്തിയാക്കിയത്. യുകെയില്‍ ജോലി ലഭിച്ചതോടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ കൈവന്നതായിരുന്നു. ഹൃദ്രോഗിയായ അച്ഛനും ചായക്കട നടത്തി ഇപജീവനം കണ്ടെത്തുന്ന അമ്മയ്ക്കും കൈത്താങ്ങായിരുന്നു ഈ പെണ്‍കുട്ടി.

എന്നാല്‍ ഒരു നിമിഷത്തെ അശ്രദ്ധ പെണ്‍കുട്ടിയുടെ ജീവിനെടുക്കുകയായിരുന്നു എന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. അലസമായി വായിലിട്ട് ചവച്ചുതുപ്പി കളഞ്ഞ അരളിച്ചെടിയാണ് സൂര്യയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പെണ്‍കുട്ടിയുടെ തന്നെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.

പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്‍ അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്. ആന്തരികാവയവ പരിശോധനാ ഫലം പുറത്തെത്തിയാലാണ് മരണകാരണത്തില്‍ വ്യക്തത വരൂ എങ്കിലും സൂര്യ തന്നെ നല്‍കിയ വിവരം വെച്ചു നോക്കുമ്പോള്‍ മരണകാരണമായത് പൂച്ചെടിയായി ഓമനിച്ചു വളര്‍ത്തിയ അരളിയാണെന്നാണ്.

ഹരിപ്പാട് ഗവ. എച്ച്എസ്എസില്‍ നിന്നു എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടി പഠനത്തില്‍ മിടുക്കിയായാണ് ഓരോ ക്ലാസും സൂര്യ ജയിച്ചുകയറിയത്. ബിഎസ്സി നഴ്‌സിങ്ങിനും ഉന്നത വിജയം നേടിയിരുന്നു. നിര്‍മാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രന്‍ ഹൃദ്രോഗിയാണ്. പള്ളിപ്പാട് പൊയ്യേക്കര ജംക്ഷനില്‍ ചായക്കട നടത്തുകയാണ് അമ്മ അനിത.

ബാങ്ക് വായ്പയുടെ സഹായത്തോടെയാണ് സൂര്യയുടെ പഠനം പൂര്‍ത്തിയാക്കാനായത്. യുകെയില്‍ ജോലി കിട്ടിയതോടെ വീട്ടുകാര്‍ക്കും വലിയ ആശ്വാസമായിരുന്നു. എന്നാല്‍, അപ്രതീക്ഷിത ദുരന്തം ഈ കുടുംബത്തെ ഒന്നാകെ തകര്‍ത്തിരിക്കുകയാണ്.

ഞായറാഴ്ച രാവിലെയാണു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുന്‍പായി സുഹൃത്തുക്കളേയും ബന്ധുക്കളേയും എല്ലാം ഫോണില്‍ വിളിച്ച് സൂര്യ യാത്ര പറഞ്ഞിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ ഏതോ ഒരു പൂച്ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ട് ചവച്ചിരുന്നു. ഉടനെ തുപ്പിക്കളയുകയും ചെയ്തു.

പിന്നീട് യാത്രയ്ക്കിടെ രണ്ട് തവണ ഛര്‍ദിച്ചു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചു. ദഹനപ്രശ്‌നമോ മറ്റോ ആയിരിക്കുമെന്നു കരുതി വിമാനത്താവളത്തിലേക്ക് യാത്ര തുടര്‍ന്നു. വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡോക്ടര്‍മാര്‍ വിശദമായി അന്വേഷിച്ചപ്പോള്‍ ഏതോ ഒരു പൂവും ഇലയും വായിലിട്ടതായി സൂര്യ പറഞ്ഞിരുന്നു. അത് അരളിച്ചെടിയായിരുന്നു. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ ആമാശയത്തില്‍ നിന്നും ഈ ചെടിയുടെ പൂവിന്റെയോ, ഇലയുടെയോ അംശം ആമാശയത്തില്‍ കണ്ടെത്താനായില്ല. ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.