CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 52 Seconds Ago
Breaking Now

ഇത് ' ഒരുമ'യുടെ ആഘോഷം ; 25 വര്‍ഷത്തെ സേവന പാരമ്പര്യത്തില്‍ ലിമയുടെ ഈസ്റ്റര്‍, വിഷു, ഈദ് സംഗമം കെങ്കേമമായി

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) തങ്ങളുടെ 25 വര്‍ഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍, വിഷു, ഈദ് സംയുക്ത ആഘോഷങ്ങള്‍ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ആഹ്‌ളാദകരമായ ഒത്തുചേരലും ഓര്‍മ്മിക്കത്തക്ക അനുഭവവുമായി. സംഘടനയുടെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും ലിവര്‍പൂളില്‍ പുതിയതായി എത്തിച്ചേര്‍ന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.

ലിവര്‍പൂള്‍ കാര്‍ഡിനല്‍ കീനന്‍ ഹൈ സ്‌കൂളില്‍ നടന്ന ലിമയുടെ പരിപാടികള്‍ സാംസ്‌കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ഈ വര്‍ഷത്തെ കലാപരിപാടികള്‍, 'ഒരുമ' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധങ്ങളായ കലാപ്രകടനങ്ങളുടെ മനോഹരമായ ഒരു സംഗമമായിരുന്നു. നൃത്തം, സംഗീതം തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍, തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ കാണികളെ കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ലിമയുടെ 'ഒരുമ'യ്ക്ക് സാധിച്ചു.

കുട്ടികള്‍ക്കായി ആകര്‍ഷകമായ പരിപാടികളും  ലിമ ഉള്‍പ്പെടുത്തിയിരുന്നു. രാധാ-കൃഷ്ണ മത്സരം, നമ്മുടെ തനത് വിഷുക്കണി ദര്‍ശനം, വിഷുക്കൈനീട്ടം എന്നിവ കുട്ടികളില്‍ ഏറെ സന്തോഷം നിറയ്ക്കുകയും നമ്മുടെ പൈതൃകം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. രാധാ-കൃഷ്ണ വേഷത്തില്‍ വന്ന കുട്ടികളെ നിറഞ്ഞ കൈയ്യടിയോടെയാണ് ഹാള്‍ സ്വീകരിച്ചത്. ജോയ് അഗസ്തിയും സജി മാക്കിലും ചേര്‍ന്ന് കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കി.

ലിവര്‍പൂള്‍ ലോര്‍ഡ് മേയര്‍ റിച്ചാര്‍ഡ് കേമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റര്‍, വിഷു, ഈദ് എന്നീ മൂന്ന് പ്രധാന ആഘോഷങ്ങളെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായും ചിട്ടയായും വിജയകരമായും സംഘടിപ്പിച്ച ലിമയുടെ പ്രവര്‍ത്തനങ്ങളെ ലോര്‍ഡ് മേയര്‍ റിച്ചാര്‍ഡ് ചാള്‍സ് കെമ്പ് മുക്തകണ്ഠം പ്രശംസിച്ചു. മലയാളികള്‍ നല്ലൊരു സമൂഹമായി ഈ നാടിന്റെ വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവനകളെ മേയര്‍ അഭിനന്ദിച്ചു.

മെഴ്സി സൈഡിലെ മലയാളി സമൂഹത്തിന് മികച്ചൊരു ഒത്തുചേരലും കലാസാംസ്‌കാരികാനുഭവവും സാധ്യമാക്കിയ ലിമയുടെ സംഘാടന മികവിനെ പ്രശംസിച്ച  മേയേഴ്‌സ് ആല്‍ഡര്‍ വുമണ്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും   നിര്‍വഹിച്ചു. ലിമ പ്രസിഡണ്ട് സോജന്‍ തോമസിന്റെ  അധ്യക്ഷതയ്യില്‍  സെക്രട്ടറി ആതിര ശ്രീജിത് സ്വാഗതം ആശംസിച്ചു. 

ലിവര്‍പൂളിലെ കഴിവുറ്റ കലാകാരന്മാര്‍ അവതരിപ്പിച്ച മികച്ച നൃത്തങ്ങള്‍, സ്‌കിറ്റുകള്‍, മനോഹരമായ ഗാനങ്ങള്‍ എന്നിവ നിറഞ്ഞ സദസ്സിന്റെ നിരന്തരമായ പ്രോത്സാഹനം നേടി. 25 വര്‍ഷത്തെ കമ്മ്യൂണിറ്റി സേവനത്തിന്റെ അനുഭവപരിചയമാണ് ഇത്രയും മികച്ച രീതിയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ ലിമയ്ക്ക് സഹായകമായതെന്ന് പലരും അഭിപ്രായപ്പെട്ടു. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണവും ലിമ ഒരുക്കിയിരുന്നു.

ഈ സംഗമം കേവലം ആഘോഷങ്ങള്‍ക്കപ്പുറം, ലിവര്‍പൂളിലെ മലയാളി സമൂഹങ്ങള്‍ക്കിടയില്‍,  പരസ്പരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ സമൂഹത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുമുള്ള ലിമയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു.

 

മനോജ്  ജോസഫ് 

പി. ആര്‍. ഒ

 




കൂടുതല്‍വാര്‍ത്തകള്‍.