സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് മേല്‍ വാറ്റ് നികുതി ചുമത്തുന്നുവെന്നായിരുന്നു ലേബര്‍ ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ന്യായം. എന്നാല്‍ 6500 പുതിയ അധ്യാപകരെ ഈ പണം ഉപയോഗിച്ച് കണ്ടെത്തുമെന്ന ലേബര്‍ പദ്ധതി ക്ഷാമം പരിഹരിക്കാന്‍ ഉതകുന്നതല്ലെന്ന് പുതിയ ഔദ്യോഗിക റിപ്പോര്‍ട്ട്.
നിലവില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാല്‍ വാഗ്ദാനം നടപ്പിലാകുമോയെന്ന് ഉറപ്പില്ലെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള അധ്യാപകരുടെ എണ്ണക്കുറവ് കണക്കാക്കുമ്പോഴും നിലവിലെ ക്ഷാമം ഇതില്‍ പെടുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
ഇതിന് പുറമെ 6500 പുതിയ അധ്യാപകരെ നിയോഗിക്കുന്നത് കനത്ത വെല്ലുവിളിയാണെന്ന് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ അധ്യാപകര്‍ക്ക് ക്യാഷ് ഇന്‍സെന്റീവ് നല്‍കുന്നത് എളുപ്പമാകില്ലെന്നാണ് എന്‍എഒ വ്യക്തമാക്കുന്നത്. 6500 പുതിയ അധ്യാപകരെ നല്‍കുമെന്ന് ആവര്‍ത്തിച്ചാണ് പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്തിയ നടപടിയെ ഗവണ്‍മെന്റ് ന്യായീകരിച്ച് വരുന്നത്.
പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ 20% വാറ്റ് ചുമത്തിയ നടപടി ജനുവരി മുതല്‍ നിലവില്‍ വന്നിരുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ മാത്രമാണ് ഇത് ബാധിക്കുന്നതെങ്കിലും പ്രൈവറ്റ് സ്‌കൂളില്‍ നിന്നും പലരും മക്കളെ സ്റ്റേറ്റ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ ഇത് ഇടയാക്കി. 2024-25 വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റിനും, ബര്‍സാറി ട്രെയിനിംഗിനും, റിട്ടെന്‍ഷന്‍ പേയ്‌മെന്റിനും ഉള്‍പ്പെടെ 700 മില്ല്യണ്‍ പൗണ്ട് ചെലവിടുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ്.