മാനേജറെ മര്‍ദ്ദിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതി നല്‍കിയ വിവരം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ടോവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം.
കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍ വിപിന്‍ കുമാറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിന്റെ ബേസ്മെന്റില്‍ വച്ചാണ് സംഭവം നടന്നത്. എന്നാല്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
ഫ്ളാറ്റിലെ സിസിടിവിയില്‍ വിപിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.