CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 36 Seconds Ago
Breaking Now

14 കാരിയായ അതിജീവിതക്ക് 29 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

പരമാവധി 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിനാണ് നിയമപരമായി അനുമതി ഉള്ളത്.

14 കാരിയായ അതിജീവിതക്ക് 29 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഗര്‍ഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് അസാധാരണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി.

'കുട്ടികളെ സംരക്ഷിക്കേണ്ട വളരെ വളരെ അസാധാരണമായ കേസുകളാണിവ. കടന്നുപോകുന്ന ഓരോ മണിക്കൂറും അവള്‍ക്ക് വളരെ നിര്‍ണായകമാണ്', പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് നിര്‍ദ്ദേശം നല്‍കിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ ചില അപകട സാധ്യതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, പ്രസവത്തിന്റെ അപകട സാധ്യതയേക്കാള്‍ ഉയര്‍ന്നതല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഗര്‍ഭഛിദ്രം പെണ്‍കുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ സിയോണ്‍ ആശുപത്രിയോട് ഏപ്രില്‍ 19ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആശുപത്രി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

പരമാവധി 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിനാണ് നിയമപരമായി അനുമതി ഉള്ളത്. ഏപ്രില്‍ 4ന് ബോംബെ ഹൈക്കോടതി ഗര്‍ഭം അലസാനുള്ള മെഡിക്കല്‍ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ക്ഷേമത്തെ ബാധിച്ചേക്കാമെന്നും കേസില്‍ പൂര്‍ണ്ണ നീതി നടപ്പാക്കുന്നതിന് ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അസാധാരണ അധികാരങ്ങള്‍ പ്രയോഗിക്കണമെന്നും ആണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ബെഞ്ചിനോട് ആവശ്യപ്പെട്ടത്.

ഈ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഭരണഘടനയുടെ 142ാം അനുച്ഛേദം പ്രകാരരം സുപ്രീംകോടതി അസാധാരണമായ തീരുമാനമെടുത്തത്. ഗര്‍ഭഛിദ്രം നടത്തുന്നതിനായി ലോക്മാന്യ തിലക് മുനിസിപ്പല്‍ മെഡിക്കല്‍ കോളജ് ആന്റ് ജനറല്‍ ഹോസ്പിറ്റലിലെ ഡീനിനെ സുപ്രീംകോടതി ചുമതലപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.