
















കുട്ടികളാണെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദശകത്തിനിടെ മൂന്നിരട്ടി വര്‍ദ്ധന. 2014-ല്‍ 18 വയസ്സില്‍ താഴെയാണെന്ന് നുണ പറഞ്ഞ അഭയാര്‍ത്ഥികളുടെ എണ്ണം 224 ആയിരുന്നെങ്കില്‍ ഇപ്പോഴത് ആയിരം കടന്ന നിലയിലാണെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടന്റെ അഭയാര്‍ത്ഥി സിസ്റ്റത്തെ ചതിക്കാനായി അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തുന്നതിന് മുന്‍പ് തിരിച്ചറിയല്‍ രേഖകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികളായ അഭയാര്‍ത്ഥികളെ നാടുകടത്താന്‍ കഴിയില്ല. എന്നുമാത്രമല്ല ബ്രിട്ടീഷ് കുട്ടികള്‍ക്ക് തുല്യമായി ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍ എന്നിവ ലഭിക്കാനും അവകാശമുണ്ട്.
കൂടാതെ ഇവര്‍ക്ക് ഹോ ഓഫീസിന് പകരം ലോക്കല്‍ കൗണ്‍സിലുകളാണ് ഹൗസിംഗ് ഒരുക്കുന്നത്. ഇത് സ്വതന്ത്ര സംവിധാനങ്ങളിലോ, ഫോസ്റ്റര്‍ ഹോമുകളിലോ ആയിരിക്കും. 2024-ല്‍ യുകെയിലേക്ക് ഒറ്റയ്ക്ക് എത്തിയ അഭയാര്‍ത്ഥി കുട്ടികളില്‍ ഏറ്റവും മുന്നിലുള്ളത് സുഡാനാണ്, 1188 കുട്ടികള്‍.
പിന്നില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, വിയറ്റ്‌നാം, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ കുട്ടികളായി വേഷമിട്ട് വ്യാജ അവകാശവാദം ഉന്നയിക്കുന്നത് യഥാര്‍ത്ഥ കുട്ടികള്‍ക്ക് ഗുരുതര പ്രശ്‌നമാണ് സൃഷ്ടിക്കുന്നതെന്ന് മൈഗ്രേഷന്‍ വാച്ച് യുകെ മുന്നറിയിപ്പ് നല്‍കുന്നു.