
















അഭയാര്‍ത്ഥി അപേക്ഷകര്‍ ബോട്ടുകളില്‍ കയറി ബ്രിട്ടനിലെത്തുന്നു, അവിടെ നിന്നും കാണാമറയത്തേക്ക് മുങ്ങുന്നു. ഇതൊരു പതിവ് കഥയായി മാറുമ്പോഴും, എത്ര പേര്‍ മുങ്ങിയെന്ന് പോലും ഹോം ഓഫീസിന് വ്യക്തമായി അറിവില്ലെന്നാണ് ഞെട്ടിക്കുന്ന വിവരം.
ബ്രിട്ടന്റെ അഭയാര്‍ത്ഥി നടപടിക്രമങ്ങളില്‍ വലിയ വിടവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും, സുപ്രധാന ഡാറ്റകള്‍ ലഭ്യമല്ലെന്നുമാണ് കണ്ടെത്തല്‍. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ കണ്ടെത്തല്‍ ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന ലേബര്‍ നടപടി സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്കായി ബില്ല്യണുകള്‍ പൊടിക്കുന്നതിനിടെയാണ് ഈ അവസ്ഥ. 
2024-25 വര്‍ഷം ഹോട്ടല്‍ ചെലവുകള്‍ക്കും, മറ്റ് താമസങ്ങള്‍ക്കുമായി 4.9 ബില്ല്യണ്‍ പൗണ്ട് ചെലവാക്കിയ കണക്ക് മാത്രമാണ് ഹോം ഓഫീസിന്റെ പക്കലുള്ളത്. അഭയാര്‍ത്ഥി അപേക്ഷകരുടെ നിയമഫീസ്, ലോക്കല്‍ കൗണ്‍സിലുകള്‍ വഹിക്കുന്നതിന്റെ ചെലവ് എന്നിവയൊന്നും അധികൃതര്‍ക്ക് അറിയില്ലെന്നതാണ് വസ്തുതയെന്ന് സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കുന്നു.
എത്ര അഭയാര്‍ത്ഥികള്‍ മുങ്ങിയെന്ന കണക്ക് പോലും ഹോം ഓഫീസിന്റെ പക്കലില്ലെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് ചൂണ്ടിക്കാണിച്ചു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ വിധം ഹോം ഓഫീസിന് നഷ്ടപ്പെട്ടിരിക്കാമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറയുന്നു. ഇതിനൊപ്പം അപേക്ഷ പരാജയപ്പെട്ട എത്ര അഭയാര്‍ത്ഥികളെ മടക്കി അയയ്ക്കാന്‍ കഴിഞ്ഞില്ലെന്നും, എന്താണ് കാരണമെന്ന് പോലും ഹോം ഓഫീസ് രേഖപ്പെടുത്തിയിട്ടില്ല.