
















മോര്‍ട്ട്‌ഗേജ് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ശുഭവാര്‍ത്ത പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ സമ്മര്‍ മുതല്‍ ഇത് ആറാം തവണയാണ് പലിശ കുറയ്ക്കുന്നത്.
ഈയാഴ്ച പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഏറെ താഴേക്ക് പോയതാണ് പ്രഖ്യാപനത്തില്‍ സുപ്രധാനമായി മാറിയത്. ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തേക്കാള്‍ മുകളിലാണെങ്കിലും, പണപ്പെരുപ്പം 3.2 ശതമാനമായി കുറഞ്ഞത് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ ഒന്‍പതില്‍ അഞ്ച് അംഗങ്ങള്‍ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നതില്‍ കലാശിച്ചു.
നവംബറില്‍ പലിശ നിലനിര്‍ത്താന്‍ വോട്ട് ചെയ്ത് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ഇക്കുറി കുറയ്ക്കുന്നതിനെ അനുകൂലിച്ചു. 'പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് പരമോന്നതിയില്‍ എത്തി അതിജീവിച്ചിട്ടുണ്ട്. അതിനാലാണ് ആറാം തവണ നിരക്ക് കുറയ്ക്കുന്നത്. നിരക്കുകള്‍ പടിപടിയായി താഴേക്ക് പോകുകയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഓരോ തവണ നിരക്ക് കുറയ്ക്കുമ്പോഴും എത്ര ദൂരത്തേക്ക് കാര്യങ്ങള്‍ പോകുമെന്നതും പ്രധാനമാണ്', ബെയ്‌ലി പ്രതികരിച്ചു.
ബേസ് റേറ്റ് 3.75 ശതമാനത്തിലേക്ക് താഴ്ന്നതോടെ ഫ്‌ളോട്ടിംഗ് റേറ്റ് മോര്‍ട്ട്‌ഗേജുകളിലെ പ്രതിമാസ തിരിച്ചടവ് പെട്ടെന്ന് താഴും. ഇപ്പോള്‍ ചില ലെന്‍ഡര്‍മാര്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ 3.5 ശതമാനത്തിനും, അതിന് താഴെയും ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ മാസത്തെ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെ കുറിച്ചും ബാങ്ക് നിരീക്ഷണം പുറത്തുവിട്ടു. എനര്‍ജി ബില്‍ കുറച്ചതും, ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗും ഉള്‍പ്പെടെ നടപടികള്‍ അടുത്ത വര്‍ഷം പണപ്പെരുപ്പം പകുതി ശതമാനം പോയിന്റ് താഴ്ത്താന്‍ സഹായിക്കുമെന്നാണ് ബാങ്ക് നിരീക്ഷിക്കുന്നത്.