
















അഞ്ച് ദിവസത്തെ പണിമുടക്കിന് സമാരംഭം കുറിയ്ക്കുമ്പോള്‍ എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലാകുമെന്ന് ആശങ്ക. ചുരുങ്ങിയത് 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും ഈയാഴ്ച റദ്ദാക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇക്കുറി കൂടുതല്‍ രോഗികളെ ബാധിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. റെക്കോര്‍ഡ് തോതില്‍ സൂപ്പര്‍ഫ്‌ളൂ പടര്‍ന്നുപിടിക്കുന്നതും, ജീവനക്കാരുടെ ഹോളിഡേയും ഒരുമിച്ച് വരുന്ന ഘട്ടത്തിലാണ് സമരങ്ങള്‍.
ഇതോടെ ക്രിസ്മസും, ന്യൂഇയറും എന്‍എച്ച്എസിലെ മറ്റുള്ള ജീവനക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള സീസണായി മാറും. രോഗികളെ സംബന്ധിച്ചാകട്ടെ ചികിത്സ എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയുമാകും. വരും ദിവസങ്ങളില്‍ രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ഡിസ്ചാര്‍ജ്ജും കാലതാമസം നേരിടും. ആഘോഷ സമയത്ത് വീടുകളില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നും ഉറപ്പില്ല. 
എന്‍എച്ച്എസിന് സാധിക്കാവുന്ന ഏറ്റവും വലിയ വിനാശം സമ്മാനിക്കാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സമരത്തിന് ഈ സമയം തെരഞ്ഞെടുത്തതെന്ന് ഹെല്‍ത്ത് മന്ത്രി സ്റ്റീഫന്‍ കിനോക്ക് കുറ്റപ്പെടുത്തി. പ്രായമായവരെ ഈ അവസ്ഥ സാരമായി ബാധിക്കുമെന്ന് ഏജ് യുകെ ചാരിറ്റി ഡയറക്ടര്‍ കരോളി അബ്രഹാംസ് പറഞ്ഞു.
ഇന്ന് രാവിലെ 7 മുതല്‍ തിങ്കളാഴ്ച രാവിലെ 7 വരെയാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം. 26 ശതമാനം ശമ്പളവര്‍ദ്ധനവാണ് ഇവരുടെ ആവശ്യം. ഇവര്‍ക്കൊപ്പം അധ്വാനിക്കുന്ന നഴ്‌സുമാര്‍ 5 ശതമാനത്തിന് അടുത്ത് മാത്രം വര്‍ദ്ധനയാണ് ലഭ്യമായത്. ഇക്കുറിയിലെ വര്‍ദ്ധനവും അനിശ്ചിതാവസ്ഥയിലാണ്. ഇതിനിടയിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന കിട്ടിയ ഡോക്ടര്‍മാര്‍ കുരുക്കുമായി രംഗത്തിറങ്ങുന്നത്.