CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 44 Seconds Ago
Breaking Now

യുകെ മലയാളികള്‍ക്ക് വേദനയായി നാലു വയസുകാരിയുടെ വേര്‍പാട്

നഴ്‌സറി വിദ്യാര്‍ത്ഥിനി ആയിരുന്നു.

നല്ലൊരു ഭാവി സ്വപ്‌നം കണ്ടു യുകെയിലേക്ക് ചേക്കേറിയ മലയാളി കുടുംബത്തിന് തീരാ നഷ്ടമായി നാലു വയസുകാരി ഹെലന്‍ റോസിന്റെ വേര്‍പാട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം- ക്ലിരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും യുകെ മലയാളി സമൂഹത്തേയും കണ്ണീരിലാഴ്ത്തി. നഴ്‌സറി വിദ്യാര്‍ത്ഥിനി ആയിരുന്നു.

മൂന്നു വര്‍ഷം മുമ്പ് സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഹെലന്റെ മാതാവ്ക്ലാരിറ്റ് യുകെയിലെത്തിയത്. ആറു മാസത്തിന് ശേഷം പിതാവ് അബിനും യുകെയിലെത്തി. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴു വയസ്സുകാരനായ മൂത്ത മകന്‍ ജുവാനും യുകെയിലെത്തിയത്. കുടുംബം ഒരുമിച്ച് ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്ന് ഹെലനില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച ശേഷം ചര്‍ദ്ദിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടതോടെ ഹെലനെ അടിയന്തരമായി നോര്‍വിച്ചിലെ എന്‍എച്ച്എസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ എഴുമണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നിരിക്കാമെന്ന സാധ്യതയും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.

മെഡിക്കല്‍ പരിശോധനകളും അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്. നിലവില്‍ ഹെലന്‍ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം മകളുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നാട്ടില്‍ സീറോ മലബാര്‍ സഭയുടെ ഇരിട്ടി ഇടത്തോട്ടി ഡി പോള്‍ ചര്‍ച്ച് ഇടവകാംഗങ്ങളാണ് കുടുംബം.

ഹെലന്റെ വേര്‍പാട് കുടുംബാംഗങ്ങളുടെ മാത്രമല്ല യുകെയിലെ മുഴുവന്‍ പ്രവാസി മലയാളി സമൂഹത്തിന്റെയും വേദനയായി മാറുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.