ലണ്ടനില്‍ അക്രമണങ്ങള്‍ അയവില്ലാതെ തുടരുന്നു. തന്റെ കാറില്‍ ഇരിക്കുകയായിരുന്ന യൂണിവേഴ്‌സിറ്റി ലെക്ചറര്‍ക്ക് നേരെയാണ് ഇക്കുറി അക്രമം അരങ്ങേറിയത്. വെസ്റ്റ് ലണ്ടനിലെ ബ്രോംപ്ടണ്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മെഴ്‌സിഡസ് ജി ക്ലാസ് എസ്‌യുവിയില്‍ ഇരിക്കുകയായിരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നുമുള്ള അബ്ദുള്ള അല്‍ ഹൊസാനിക്ക് നേരെയായിരുന്നു നടുറോഡില്‍ അക്രമം നടന്നത്.
ദൃക്‌സാക്ഷികള്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ഹൊസാനിയെ കാറിന്റെ ജനലിലൂടെ വലിച്ച് പുറത്തേക്കിടാനാണ് ശ്രമങ്ങള്‍ വ്യക്തമായി കാണാം. കൂടാതെ ലെക്ചററുടെ തലയില്‍ തുടര്‍ച്ചയായി ഇടിക്കുന്നുമുണ്ട്. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ തനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കി ഇദ്ദേഹം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ എത്തി.
മറ്റുള്ളവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടുമ്പോള്‍ ഇത് നമ്മളെ തേടിയെത്തുമെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാറില്ല, എന്നാലും ഞാന്‍ ഓകെയാണ്, ഹൊസാനി വ്യക്തമാക്കി. തലയ്ക്ക് ഇടിയേറ്റതിനെത്തുടര്‍ന്ന് പരുക്കേറ്റിട്ടുണ്ട്. കാല്‍നടക്കാര്‍ അക്രമം നോക്കിനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തി അക്രമിയെ അറസ്റ്റ് ചെയ്തു.
ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ക്ലാസെടുക്കുന്ന ഹൊസാനിയെ രക്ഷിക്കാന്‍ എതിര്‍ദിശയിലുള്ള റെസ്‌റ്റൊറന്റില്‍ നിന്നും രണ്ട് പേര്‍ എത്തിയതാണ് ഭാഗ്യമായത്. ലെബണീസുകാരായ ഈ ചെറുപ്പക്കാര്‍ പ്രതിയെ പോലീസ് എത്തുന്നത് വരെ പിടിച്ചുനിര്‍ത്തി. മറ്റാരും പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നത് തന്നെ ഞെട്ടിച്ചെന്ന് ലെക്ചറര്‍ വ്യക്തമാക്കുന്നു. അറബ് വംശജര്‍ പോലും അടുത്തേക്ക് വന്നില്ല. തന്റെ കാറിന് പുറമെ അടുത്ത് കിടന്ന മറ്റൊരു കാറിലും അക്രമികള്‍ പെയിന്റടിച്ച് നശിപ്പിച്ചതായി ഇദ്ദേഹം പറഞ്ഞു.