ഇതുപോലൊരു സ്‌റ്റേജ് ഷോ, ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിറം 25 കണ്ടിറങ്ങിയ പ്രേകഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഇത് വിസ്മയം! യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത നിറം 25 സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം.
ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ്സ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ടിക്കറ്റുകള്‍ മുന്‍കൂറായി തന്നെ സമ്പൂര്‍ണ്ണമായി വിറ്റഴിച്ചിരുന്ന ആഘോഷരാവിലേക്ക് 1500-ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസ്സിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു.
രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണ്ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയങ്കരായ ചാക്കോച്ചനാണ് നയിച്ചത്. ആദ്യ ചിത്രം തൊട്ട് മലയാളികളുടെ പ്രണയനായകനായും, ഏറ്റവും ഒടുവില്‍ കുറ്റാന്വേഷണം നടത്തുന്ന ഓഫീസറായും വരെ അഭിനയിച്ച് വ്യത്യസ്ത തലത്തില്‍ എത്തിനില്‍ക്കുന്ന ചാക്കോച്ചനോടുള്ള ഹൃദ്യമായ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു ഒഴുകിയെത്തിയ മലയാളി സമൂഹം.
സദസിനെ കോരിത്തരിപ്പിക്കാന്‍ തന്റെ നൃത്തച്ചുവടുകളും ചാക്കോച്ചന്‍ പുറത്തെടുത്തു. തന്റെ റൊമാന്റിക് ഹീറോ പരിവേഷത്തിലും, നൃത്തമികവിലും ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വേദിയിലെ ഓരോ നിമിഷവും. ചാക്കോച്ചന്റെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ സെഗ്മെന്റ് വ്യത്യസ്തമായ അനുഭവമായി മാറുകയും ചെയ്തു.
നിറം 25 വേദിയെ ഇളക്കിമറിച്ച പ്രിയഗായിക റിമി ടോമി ലെസ്റ്ററിലെ കൊട്ടിക്കലാശത്തിലും ആവേശം വര്‍ദ്ധിപ്പിച്ചു. നൃത്തച്ചുടവുമായി കാണികളെ ആവേശത്തിലാഴ്ത്തിയ റിമി, സദസ്സിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രസിപ്പിക്കുകയും ചെയ്തു.
സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയമായിരുന്നു വേദിയിലെ മറ്റൊരു കിടിലന്‍ അനുഭവം. തീപ്പോരിയായി മാറുന്ന സംഗീതവിരുന്നും കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ചലച്ചിത്രതാരം മാളവിക മേനോന്റെ നൃത്തച്ചുവടുകള്‍ കൂടി ചേര്‍ന്നതോടെ നിറം 25 വേദി അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു. കൗശിക്കും, ശ്യാമപ്രസാദും ഗാനങ്ങളുടെ അകമ്പടിയോടെ ആഘോഷരാവില്‍ ഈണങ്ങളുടെ താരകങ്ങള്‍ പെയ്യിക്കുകയും ചെയ്തു.
പാട്ടും, ഡാന്‍സും, കോമഡിയും ഒത്തുചേരുന്ന കംപ്ലീറ്റ് സ്റ്റേജ് ഷോയായി മാറിയ നിറം 25 ഇതുവരെ യുകെ വേദികളില്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒരുമിപ്പിച്ച വേദി കൂടിയായിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളെ ഒത്തൊരുമിപ്പിച്ച് വേദിയില്‍ അവതരിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പിന്തുണയും ചെറുതല്ല. നിറം 25 പ്രധാന സ്‌പോണ്‍സറായ യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സിന്റെ എംഡിയും, മറ്റ് ടീം അംഗങ്ങളും ചാക്കോച്ചനും, മറ്റ് താരങ്ങള്‍ക്കും സ്‌നേഹാദരങ്ങളുടെ ഭാഗമായി മൊമെന്റോ സമ്മാനിച്ചു.
യുകെയില്‍ നിറം 25 അരങ്ങേറിയ എല്ലാ വേദികളിലും ജനങ്ങള്‍ ഒഴുകിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ചാക്കോച്ചനും സംഘവും മടങ്ങുന്നത്. പരിപാടി വന്‍വിജയമാക്കിയ മലയാളി സമൂഹത്തിന് താരങ്ങള്‍ നന്ദി പറയാന്‍ മറന്നില്ല.
'ചാക്കോച്ചനൊപ്പം സെല്‍ഫി കോണ്ടന്റ്‌സിന്റെ' ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കി. കൂടാതെ ടിക്കറ്റ് എടുന്നവരില്‍ നിന്നും ലക്കി ഡിപ്പിലൂടെ വിജയികളായവര്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനവും നല്‍കി.
നിറം 25-ലൂടെ ഇത്രയേറെ മലയാള താരങ്ങളെ വേദിയില്‍ എത്തിച്ചതിന് പിന്നിലെ സംഘാടകരായ ഋതം ക്രിയേഷന്‍സിന്റെ ജിബിന്‍ വേദിയില്‍ നന്ദി അറിയിച്ചു. മനോഹരമായ സ്‌റ്റേജ് ഷോ അണിയിച്ചൊരുക്കിയ രമേഷ് പിഷാരടിയും യുകെ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു. ഷോയുടെ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കുമുള്ള നന്ദിസൂചകമായി ഉപഹാരങ്ങള്‍ കൈമാറി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ്, ലോ & ലോയേഴ്‌സ് സോളിസിറ്റേഴ്‌സ്, ഡെയ്‌ലി ഡിലൈറ്റ് എന്നിവര്‍ പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരായിരുന്നു.
മഹാവിജയമായി മാറിയ, സമാനതകളില്ലാത്ത അനുഭവങ്ങള്‍ വേദിയിലെത്തിയ ഋതം ഇനിയും ഇതിലും മികച്ച പരിപാടികള്‍ യുകെ വേദികളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. നിറം 25 സമ്മാനിച്ച ആവേശപ്പൂരം മനസ്സുകളില്‍ ഇനിവരും ദിവസങ്ങള്‍ക്ക് പ്രതീക്ഷയുടെ നിറം പകരും. ചിത്രങ്ങൾക്ക് കടപ്പാട് : സാജു അത്താണി , ബെറ്റർ ഫെയിംസ് യു.കെ.