വരുമാനം തീരെ കുറവാണെന്ന് കരയുന്ന റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നിലവില്‍ 100,000 പൗണ്ട് വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നതായി പുതിയ കണക്കുകള്‍. ഈ മാസം അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഇരിക്കവെയാണ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന് മുന്‍പ് വിളിച്ചിരുന്ന ഇവരുടെ വരുമാന നിലവാരം പുറത്തുവരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് റസിഡന്റ് ഡോക്ടര്‍മാരെന്ന് ഇവരെ പേര് മാറ്റി വിളിക്കുന്നത്. ഫുള്‍ ഓണ്‍-കോള്‍ റൊട്ടയില്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്ന റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആറക്ക വാര്‍ഷിക വരുമാനം കിട്ടുന്നുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയാഴ്ച ആദ്യമാണ് ഇംഗ്ലണ്ടിലെ 50,000 റസിഡന്റ് ഡോക്ടര്‍മാര്‍ ജൂലൈ 25 രാവിലെ 7 മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. 29% ശമ്പളവര്‍ദ്ധന കിട്ടണമെന്നാണ് ഇവരുടെ നിലപാട്. നിലവില്‍ നിര്‍ദ്ദേശിച്ച 5.4 ശതമാനം ഓഫര്‍ തീരെ പര്യാപ്തമല്ലെന്ന് ബിഎംഎ വ്യക്തമാക്കുന്നു.
എന്നാല്‍ മുന്‍ വര്‍ഷത്തിലേത് പോലെ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് ഇക്കുറി പൊതുജന പിന്തുണ ലഭിക്കുന്നില്ല. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് കേവലം 36 ശതമാനം പേരാണ് പിന്തുണ അറിയിച്ചതെന്ന് യൂഗോവ് പോള്‍ വ്യക്തമാക്കി. 49 ശതമാനത്തോളം പേര്‍ നടപടിയെ എതിര്‍ക്കുകയും ചെയ്യുന്നു.
ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് നിയമവിരുദ്ധമാക്കാനുള്ള നിയമനിര്‍മ്മാണത്തെ 43 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍, ബിഎംഎ ഉന്നയിക്കുന്ന വര്‍ദ്ധന താങ്ങാന്‍ കഴിയില്ലെന്ന് 54 ശതമാനം പേര്‍ ചൂണ്ടിക്കാണിച്ചു. ഇതിനിടെ രാജ്യത്തെ രണ്ട് പ്രമുഖ ഡോക്ടര്‍മാര്‍ ബിഎംഎയോട് സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുന്‍ ലേബര്‍ ആരോഗ്യ മന്ത്രി കൂടിയായിരുന്ന സര്‍ജന്‍ ആരാ ഡാര്‍സിയും, എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടറായി സ്ഥാനമൊഴിയാന്‍ ഇരിക്കുന്ന പ്രൊഫ. സ്റ്റീഫന്‍ പോവിസുമാണ് ബിഎംഎയോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെടുന്നത്.