കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടനിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. നികുതി വര്‍ദ്ധനവും, സാമ്പത്തിക പ്രതിസന്ധിയും ആശങ്കയാകുന്ന സമയത്താണ് ആളുകളുടെ തൊഴില്‍ അന്വേഷണത്തിലെ വര്‍ദ്ധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂണ്‍ മാസത്തില്‍ ജോലിക്കായി ശ്രമിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 2020 നവംബറിന് ശേഷം ആദ്യമായി കുത്തനെ ഉയര്‍ന്നുവെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും, അക്കൗണ്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെയും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. യുകെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണില്‍ പ്രവേശിച്ച സമയത്താണ് ഇതിന് മുന്‍പ് ഈ അന്വേഷണം വര്‍ദ്ധിച്ചത്.
ഏപ്രില്‍ മാസത്തിലെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് ബോഡി കുറ്റപ്പെടുത്തുന്നു. 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും ഇതില്‍ പെടുന്നു.
എന്നിരുന്നാലും കഴിഞ്ഞ 22 മാസത്തിനിടെ കാണാത്ത വേഗതയില്‍ സ്ഥാപനങ്ങളിലെ പെര്‍മനന്റ് തൊഴിലവസരങ്ങളില്‍ കുറവ് വരുന്നതായി യുകെയിലെ 400 റിക്രൂട്ട്‌മെന്റ്, എംപ്ലോയ്‌മെന്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. ശമ്പളവര്‍ദ്ധന ദുര്‍ബലപ്പെടുകയും, ജോലിക്കാരെ കുറയ്ക്കാനുള്ള ത്വര പ്രകടമാകുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മേയ് മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ജിഡിപി ഇടിഞ്ഞത് കനത്ത ആഘാതമാണ്. നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ലേബറിന്റെ വളര്‍ച്ചാ പദ്ധതികള്‍ ചോദ്യങ്ങള്‍ നേരിടുകയാണ്.