ഇന്‍ഷുറന്‍സ് എടുക്കുന്നത് എന്തിന് വേണ്ടിയാണ്? ആളുകള്‍ക്ക് ഒരു ഉറപ്പിന് വേണ്ടി, എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അതിന് തക്കതായ നഷ്ടപരിഹാരം ലഭിക്കുമെന്നും അതുവഴി നഷ്ടം നികത്താമെന്നുമാണ് നമ്മുടെയൊക്കെ പ്രതീക്ഷ. എന്നാല്‍ സ്വന്തം വീട് കത്തിയമര്‍ന്ന് നാമാവശേഷമായിട്ടും നഷ്ടപരിഹാര തുക കൈമാറാന്‍ കഴിയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാശിപിടിച്ചാല്‍ ഉപഭോക്താക്കള്‍ കുടുങ്ങിപ്പോകും. ഈസ്റ്റ് ഡിവോണിലെ പോള്‍, സോഫി വെല്‍ഡിന്‍ ദമ്പതികളാണ് ഇപ്പോള്‍ ഇത്തരമൊരു പ്രശ്‌നത്തില്‍ കുരുക്കിലായത്.
അഞ്ച് ബെഡ്‌റൂം പ്രോപ്പര്‍ട്ടിയില്‍ ഏഴ് ബെഡ്‌റൂം ഉണ്ടെന്ന് കാണിച്ചാണ് ഇന്‍ഷുറര്‍ തുക നിഷേധിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ നാല് മക്കള്‍ക്കൊപ്പം ഹോളിഡേ ആഘോഷിക്കാന്‍ പോയപ്പോഴാണ് ഇവരുടെ വീട് കത്തിച്ചാമ്പലായെന്ന് വിവരം ലഭിക്കുന്നത്. രണ്ട് മാസം മുന്‍പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതുകൊണ്ട് സാധനങ്ങളുടെ അണ്‍പാക്കിംഗ് പോലും പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഹോം പോളിസി സഹായിക്കുമെന്ന പ്രതീക്ഷയില്‍ ഇതിന് ക്ലെയിം ചെയ്തപ്പോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഏഴ് കിടപ്പുമുറികള്‍ ഉണ്ടെന്ന് കാണിക്കാതെ ദമ്പതികള്‍ അഞ്ച് കിടപ്പുമുറികള്‍ മാത്രമാണ് ഉള്ളതെന്ന് തെറ്റായ് ബോധിപ്പിച്ചെന്നാണ് ഇന്‍ഷുറര്‍ എജിയാസ് ന്യായമായി ചൂണ്ടിക്കാണിക്കുന്നത്.
അത്രയും വലിയ ഭവനങ്ങള്‍ കമ്പനി ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പോളിസി അസാധുവാണ്. ഇന്‍ഷുറന്‍സിന്റെ സഹായമില്ലാതെ 460,000 പൗണ്ട് കണ്ടെത്തേണ്ട ഗതികേടിലാണ് ഈ ദമ്പതികള്‍. വീട് പുനര്‍നിര്‍മ്മിക്കാനും, സാധനസാമഗ്രികള്‍ പുതുതായി വാങ്ങാനുമാണ് ഈ വന്‍തുക വേണ്ടിവരുന്നത്. എന്നാല്‍ തങ്ങളുടെ വീട്ടില്‍ അഞ്ച് കിടപ്പുമുറികള്‍ തന്നെയാണ് ഉള്ളതെന്ന് 42-കാരനായ പോളും, 44-കാരി സോഫിയും തറപ്പിച്ച് പറയുന്നു. രണ്ട് ആറ്റിക് റൂമുകള്‍ സ്റ്റോറേജിന് വേണ്ടിയുള്ളതാണ്. ബില്‍ഡിംഗ് റെഗുലേഷനില്‍ പെടാത്ത ഇവയെ ബെഡ്‌റൂമെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ വാദിക്കുന്നു.
എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. ഇന്‍ഷുറന്‍സ് എടുക്കുന്ന വീട്ടുടമകള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ദമ്പതികളുടെ അനുഭവം. ഡോക്യുമെന്റുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കി വാങ്ങാത്തതാണ് ഈ പ്രശ്‌നത്തിന് ഇടയാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ഓണ്‍ലൈനില്‍ ബോക്‌സുകള്‍ ടിക്ക് ചെയ്ത് വാങ്ങുന്നവയിലെ ചോദ്യങ്ങള്‍ പോലും പലര്‍ക്കും മനസ്സിലാകാറില്ല. കിടപ്പുമുറികളുടെ എണ്ണം തെറ്റാണെന്ന് ഫിനാന്‍ഷ്യല്‍ ഓംബുഡ്‌സ്മാനും സ്ഥിരീകരിച്ചതോടെ ദമ്പതികളുടെ പോളിസി കമ്പനി റദ്ദാക്കി.