CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 40 Seconds Ago
Breaking Now

ഈ കുഞ്ഞ് മരിക്കണമെന്ന് ആര്‍ക്കാണിത്ര വാശി? ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കപ്പെട്ട ആല്‍ഫി ഇവാന്‍സിന് പിതാവ് ജീവവായു നല്‍കുന്നത് വായിലൂടെ; റോമിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകേണ്ട, വീട്ടിലേക്ക് മരിക്കാന്‍ കൊണ്ടുപോയാല്‍ മതിയെന്ന് കോടതി?

ഹൈക്കോര്‍ട്ടില്‍ നടന്ന അടിയന്തര വിചാരണയിലാണ് ആല്‍ഫിക്ക് റോമില്‍ പോകാന്‍ കഴിയില്ലെന്ന് ജഡ്ജ് പ്രസ്താവിച്ചത്

ഇത് എവിടുത്തെ നീതിയെന്ന് സ്വാഭാവികമായും ചോദിച്ച് പോകും? ഒരു കുഞ്ഞ് എവിടെയെങ്കിലും ചികിത്സ തേടി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇത്ര വലിയ കുറ്റമാണോ? അവന്റെ ജീവന്‍ നിലനിര്‍ത്താനായി കോടതികള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതാകുമ്പോള്‍ മാതാപിതാക്കള്‍ നിയമത്തെ ശപിച്ച് പോകാതിരിക്കുന്നത് എങ്ങിനെ? ജീവന്‍ രക്ഷിക്കാന്‍ ലക്ഷത്തില്‍ ഒന്നാണ് സാധ്യതയെങ്കില്‍ പോലും അതിനായി അനുവദിക്കാതെ മരിക്കാന്‍ മാത്രം വിടുന്നത് എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും? തലച്ചോറിന് പ്രശ്‌നങ്ങള്‍ നേരിട്ട ആല്‍ഫി ഇവാന്‍സിന്റെ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടം ഇത്തരം നിരവധി ചോദ്യങ്ങളാണ് സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്. 

രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു അവസരം ഉണ്ടെങ്കില്‍ അത് നിഷേധിക്കുമെന്ന് വാശി പിടിക്കുന്നത് എന്തിന് വേണ്ടിയാണ്? കുഞ്ഞിന് ചികിത്സ ലഭ്യമാക്കാന്‍ റോമില്‍ പോകാന്‍ അനുവദിക്കണമെന്ന മാതാപിതാക്കളുടെ വാദം കോടതി തള്ളി. ഇതിന് പകരം വീട്ടില്‍ പോയി സമാധാനമായി മരിക്കാന്‍ അനുവദിക്കണം എന്നാണ് കോടതി വിധിച്ചത്. തിങ്കളാഴ്ച രാത്രി ആല്‍ഫിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്‌തെങ്കിലും 23 മാസം പ്രായമുള്ള കുഞ്ഞ് സ്വയം ശ്വസിക്കുന്നതായി പിതാവ് ടോം വെളിപ്പെടുത്തി. എയര്‍ ആംബുലന്‍സ് തയ്യാറാണെന്ന് പറഞ്ഞിട്ടും ചികിത്സ അവസാനിപ്പിക്കണം എന്നാണ് ലിവര്‍പൂള്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 

ഹൈക്കോര്‍ട്ടില്‍ നടന്ന അടിയന്തര വിചാരണയിലാണ് ആല്‍ഫിക്ക് റോമില്‍ പോകാന്‍ കഴിയില്ലെന്ന് ജഡ്ജ് പ്രസ്താവിച്ചത്. കുഞ്ഞിനെ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ വീട്ടിലേക്ക് മരിക്കാന്‍ വിടുന്ന കാര്യമാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ ആലോചിക്കുന്നത്. വെന്റിലേഷന്‍ മാറ്റി 24 മണിക്കൂര്‍ പിന്നിട്ടിട്ടും ജീവനോടെയിരിക്കുന്ന കുഞ്ഞിനെ കൂടുതല്‍ ചികിത്സക്കായി കൊണ്ടുപോകാന്‍ അനുവാദം നല്‍കില്ലെന്ന് ജസ്റ്റിസ് ഹെയ്ഡന്‍ വ്യക്തമാക്കി. കുഞ്ഞിനെ രക്ഷിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ആല്‍ഫിക്ക് പൗരത്വവും അനുവദിച്ചു. എന്നാല്‍ മരിക്കുന്നതാണ് കുട്ടിക്ക് നല്ലതെന്ന അനുമാനത്തിലാണ് ലിവര്‍പൂള്‍ ഡോക്ടര്‍മാര്‍.

കുഞ്ഞിന്റെ ചുണ്ട് നീലനിറമാകുന്നതിനെത്തുടര്‍ന്ന് അമ്മയും, അച്ഛനും ചേര്‍ന്ന് വായ് വഴി ജീവവായു നല്‍കുകയാണ്. എന്നാല്‍ കുഞ്ഞിനെ വീട്ടിലേക്ക് വിടാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്ങിനെയെങ്കിലും മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി ചികിത്സിക്കട്ടെയെന്ന് ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാന്‍ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്!




കൂടുതല്‍വാര്‍ത്തകള്‍.