Breaking Now

വന്ദേഭാരത് മിഷനിലൂടെ ചരിത്രം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍; യുക്മയുടെ നിലപാടിന് വീണ്ടും അംഗീകാരം; കൊച്ചിയിലേയ്ക്ക് അടുത്ത വിമാന സര്‍വ്വീസ് ജൂണ്‍ 21 ന്

മെയ് മാസം 19നാണ് കൊച്ചിയിലേയ്ക്കുള്ള ആദ്യ ഫ്‌ലൈറ്റ് സര്‍വീസ് 'വന്ദേ ഭാരത് മിഷന്‍' വഴി യാത്രയായത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി കൊച്ചിയിലേയ്ക്കുള്ള അടുത്ത വിമാന സര്‍വീസ് ജൂണ്‍ 21ന് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. യു.കെ മലയാളികളുടെ നിവേദനങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ബധിരകര്‍ണ്ണങ്ങളില്‍ പതിയ്ക്കുന്ന മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി, ചരിത്രം സൃഷ്ടിച്ച് കേന്ദ്ര മന്ത്രി ശ്രീ. വി മുരളീധരന്റെ ഇടപെടലാണ് വീണ്ടും കൊച്ചിയിലേയ്ക്ക് വിമാന സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍  ആദ്യഘട്ടത്തില്‍  കേരളത്തിലേക്ക് പോകുന്നവ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്രമന്ത്രി വി.  മുരളീധരന് നിവേദനം നല്‍കുകയുണ്ടായി. നിവേദനത്തിന് തുടര്‍ച്ചയായി ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള കേന്ദ്രമന്ത്രിയെ ഫോണിലും ഈ ആവശ്യം ഉന്നയിച്ച് പലതവണ ബന്ധപ്പെടുകയുണ്ടായി. യുക്മ ദേശീയ നേതൃത്വത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങളുടെയും ബന്ധപ്പെടലുകളുടെയും ഫലമായി, രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചു. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.

മെയ് മാസം 19നാണ് കൊച്ചിയിലേയ്ക്കുള്ള ആദ്യ ഫ്‌ലൈറ്റ് സര്‍വീസ് 'വന്ദേ ഭാരത് മിഷന്‍' വഴി യാത്രയായത്. എന്നാല്‍ യാത്ര ചെയ്യുന്നതിന് താത്പര്യപ്പെട്ടിരുന്നവരില്‍ ഏകദേശം ഇരുന്നൂറില്പരം ആളുകള്‍ക്ക് ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് സാധിച്ചിരുന്നില്ല. യു.കെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍  എഴുതാനെത്തിയവരും ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ കുടുങ്ങിയത്. ആദ്യ ഫ്‌ലൈറ്റ് സര്‍വീസില്‍ യാത്ര ചെയ്യുന്നതിന് സാധിക്കാതെ വന്നിട്ടുള്ളവരെ പരിഗണിച്ച് മറ്റൊരു ഫ്‌ലൈറ്റ് സര്‍വീസ് കൂടി അനുവദിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരന് വീണ്ടും നിവേദനം നല്‍കുകയും അത് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കുകയും ചെയ്തിരുന്നു. 'വന്ദേ ഭാരത് മിഷന്‍' പ്രകാരമുള്ള വിമാനസര്‍വീസുകള്‍ക്ക് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്.  ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനത്തിലെ യാത്രക്കാര്‍ 596 പൗണ്ട് മാത്രമാണ് ടിക്കറ്റിന് നല്‌കേണ്ടി വന്നത്.  സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുവാന്‍ പ്രായോഗികമായി ബുദ്ധിമുട്ട്  വരുമെന്നുള്ള കാരണത്താലാണ് സര്‍ക്കാരിന്റെ വിമാന സര്‍വീസുകള്‍ തന്നെ ലഭ്യമാക്കണമെന്ന് യുക്മ നിവേദനം നല്‍കിയത്.   

മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മെഡിക്കല്‍ എമര്‍ജന്‍സിയുള്ളവര്‍, ഉറ്റവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ടൂറിസ്റ്റുകളായി എത്തിയവര്‍ എന്നിവര്‍ക്കാണ് യാത്രയ്ക്ക് മുന്‍ഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നല്‍കും. യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നവരെ എയര്‍ ഇന്ത്യ ബന്ധപ്പെടുകയും പേയ്‌മെന്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയര്‍ ഇന്ത്യാ എല്ലാ യാത്രക്കാര്‍ക്കും മാസ്‌കും ഗ്ലൗസും നല്‍കുന്നതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ വീണ്ടും മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സൈറ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതിനു ശേഷം യാത്രക്കാര്‍ എല്ലാവരെയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ചെയ്യുന്നതിനായി ആശുപത്രികളിലേക്കോ, മറ്റു സ്ഥാപനങ്ങളിലേക്കോ പേയ്‌മെന്റ് അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് നിയോഗിക്കും. 14 ദിവസങ്ങള്‍ക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.

 

നിര്‍ണ്ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി വീണ്ടും ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിച്ചു

 

സജീഷ് ടോം

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 
കൂടുതല്‍വാര്‍ത്തകള്‍.