Breaking Now

സൂപ്പര്‍ സാറ്റര്‍ഡേ; ഭ്രാന്ത് പിടിച്ച് ആഘോഷിക്കരുത്; മുന്നറിയിപ്പുമായി പ്രധാനമന്ത്രി മുതല്‍ എന്‍എച്ച്എസ് മേധാവി വരെ; ഓരോ ചുവടിലും അപകടം കാത്തിരിക്കുന്നു; നിയമം തെറ്റിക്കുന്ന കുടിയന്‍മാരെ ജയിലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച് ഹാന്‍കോക്; പബ്ബുകള്‍ 'സൂപ്പര്‍ സ്‌പ്രെഡിംഗ്' കേന്ദ്രങ്ങളാകുമെന്ന് ആശങ്ക!

ന്യൂഇയര്‍ ആഘോഷങ്ങളേക്കാള്‍ കൂടുതല്‍ ഓഫീസര്‍മാരെ നിയോഗിച്ചാണ് ചില സ്ഥലങ്ങളില്‍ പോലീസും, എമര്‍ജന്‍സി സര്‍വ്വീസുകളും തിരിച്ചു വരവിനെ വരവേല്‍ക്കുന്നത്

പബ്ബുകളും, റെസ്റ്റൊറന്റുകളും തുറക്കുന്നത് പ്രമാണിച്ച് ആഘോഷം അതിരുകടക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പബ്ബുകളില്‍ മാന്യമായി പെരുമാറാനും, കാര്യങ്ങള്‍ കൈവിട്ടാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ തിരികെ എത്തിക്കുമെന്ന് വിരട്ടിയുമാണ് സ്ഥിതി നിയന്ത്രിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അടുത്ത ഘട്ടം അപകടരഹിതമല്ലെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. പല മേഖലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമ്പോഴും അപകടം തൊട്ടരികിലുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

അതേസമയം ബാറുകളില്‍ ആഘോഷിച്ച് കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ജയിലില്‍ അടയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. ബാറും, റെസ്‌റ്റൊറന്റും മൂന്ന് മാസത്തോളം അടച്ചിട്ട ശേഷം തുറക്കുമ്പോള്‍ സമാധാനപരമായി ഉപയോഗിക്കാനാണ് എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് ഉപദേശിക്കുന്നത്. മദ്യപാനികളും, ബോധംകെട്ടവരും ആശുപത്രിയിലേക്ക് എത്തിച്ചേരാന്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാര്‍ച്ച് അവസാനത്തോടെ ലോക്ക്ഡൗണ്‍ ചുമത്തിയ ശേഷം ആദ്യമായി ഈ ഇളവുകള്‍ അനുവദിക്കുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണം വിട്ടേക്കാമെന്ന ആശങ്ക ശക്തമാണ്. 

ലെസ്റ്ററില്‍ ഇന്‍ഫെക്ഷനുകള്‍ പിടിവിട്ട് കുതിച്ചപ്പോള്‍ നടപടി സ്വീകരിക്കേണ്ടി വന്ന വിഷയവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള വമ്പന്‍ ചുവടുവെപ്പാണിത്. എന്നാല്‍ തെറ്റായ രീതിയില്‍ പെരുമാറി കൊറോണാവൈറസ് കുതിക്കുന്ന അവസ്ഥ വരുത്തിവെച്ചാല്‍ ലോക്ക്ഡൗണുകള്‍ ലോക്കലായി തിരിച്ചെത്തും, ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ബാറുകളും, പബ്ബുകളും ഉള്‍പ്പെടെ അടച്ചാകും ലോക്കല്‍ നടപടികള്‍ വരികയെന്ന് ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സന്തോഷം കെടുത്താന്‍ ഉദ്ദേശിക്കുന്നില്ല, പക്ഷെ വൈറസ് ഇപ്പോഴും ആളെ കൊല്ലുന്നുണ്ട്. പബ്ബുകളും, ബാറുകളും വീണ്ടും അടയ്ക്കുന്നത് കാണാനും ആഗ്രഹിക്കുന്നില്ല, എനിക്കും അവിടെ പോയി ഒന്നോ, രണ്ടോ പിന്റ് ആസ്വദിക്കാനാണ് ഇഷ്ടം, ഹാന്‍കോക് പറയുന്നു. 

ന്യൂഇയര്‍ ആഘോഷങ്ങളേക്കാള്‍ കൂടുതല്‍ ഓഫീസര്‍മാരെ നിയോഗിച്ചാണ് ചില സ്ഥലങ്ങളില്‍ പോലീസും, എമര്‍ജന്‍സി സര്‍വ്വീസുകളും തിരിച്ചുവരവിനെ വരവേല്‍ക്കുന്നത്. അതേസമയം രാജ്യത്തെ 28000 പബ്ബുകളില്‍ പകുതി മാത്രമാണ് തുറക്കുകയെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങളുണ്ടായാല്‍ നേരിടാന്‍ പോലീസിന് സര്‍ക്കാര്‍ സകല സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട അവസ്ഥകളുമായി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ആളുകള്‍ നിറയുമെന്ന ആശങ്കകള്‍ക്കിടെ ഉത്തരവാദിത്വത്തോടെ പെരുമാറാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. 
കൂടുതല്‍വാര്‍ത്തകള്‍.