CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 46 Minutes 22 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാരും, ഡോക്ടര്‍മാരും ഇനിയും മരിച്ചുവീഴരുത്! ജീവനക്കാര്‍ക്കുള്ള കൊറോണ ടെസ്റ്റ് അടിയന്തരമായി നടപ്പാക്കണം; ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പായില്ല; ഒക്ടോബറിനകം പ്രശ്‌നം പരിഹരിക്കണമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റി

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ടെസ്റ്റിംഗ് ഒരുക്കിയില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ ആശുപത്രികളില്‍ കൊവിഡ് പടരാന്‍ ഇടയാക്കുമെന്ന് ശാസ്ത്രജ്ഞര്‍

കൊറോണാവൈറസിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അപകടം നേരിട്ട വിഭാഗമാണ് എന്‍എച്ച്എസ് ജീവനക്കാര്‍. കൃത്യമായിട്ടുള്ള പ്രതിരോധ നടപടികള്‍ നല്‍കാതെ പോരാട്ടത്തിലേക്ക് ജീവനക്കാരെ തള്ളിവിട്ടപ്പോള്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന് പുറമെ വൈറസ് വാഹകരായി മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നുനല്‍കുകയും ചെയ്തു. ഇത്തരത്തില്‍ വൈറസ് പിടിപെടുകയും, പകരുകയും ചെയ്യുന്ന അനാവശ്യ പ്രശ്‌നം ഒഴിവാക്കാന്‍ ഓരോ ആഴ്ചയിലും എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കൊറോണ ടെസ്റ്റ് നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. 

ബ്രിട്ടനിലെ 1.3 മില്ല്യണ്‍ വരുന്ന ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് എത്രയും പെട്ടെന്ന് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റി മന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്ത് കൊണ്ടാണ് ഇത് നേരത്തെ തന്നെ നടപ്പാക്കാത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും സ്ഥിരമായിട്ടുള്ള സര്‍വ്വെയിലെന്‍സ് ടെസ്റ്റിംഗ് നല്‍കാമെന്ന് ജൂണ്‍ 24ന് മാറ്റ് ഹാന്‍കോക് വാഗ്ദാനം ചെയ്‌തെങ്കിലും ഇത് നടപ്പായില്ല. 

കെയര്‍ ഹോമുകള്‍ക്ക് വീക്ക്‌ലി ടെസ്റ്റിംഗ് ലഭ്യമാക്കിട്ടുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഫലം കൈയില്‍ ലഭിക്കാന്‍ ഒരാഴ്ചയോ, അതിലേറെയോ കാത്തിരിക്കണം. ആദ്യത്തെ ടെസ്റ്റ് ഫലം ലഭിക്കുന്നതിന് മുന്‍പ് തന്നെ രണ്ടാമത്തെ സ്വാബ് നല്‍കേണ്ടി വരുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം. ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട യുകെയിലെ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ സെപ്റ്റംബറില്‍ സ്‌കൂളുകളും, ഓഫീസുകളും തുറന്നതോടെയാണ് തകരാറുകള്‍ നേരിട്ടത്. ശേഷിയുടെ നാലിരട്ടി ആവശ്യക്കാര്‍ എത്തിയതാണ് ഇതിന് കാരണമായത്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ടെസ്റ്റിംഗ് ഒരുക്കിയില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ ആശുപത്രികളില്‍ കൊവിഡ് പടരാന്‍ ഇടയാക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് പരിഗണിച്ച് എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ടെസ്റ്റിംഗ് നടപ്പാക്കുന്നത് പൊതുജനങ്ങളുടെ കൂടി സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് കമ്മിറ്റി വ്യക്തമാക്കി. മഹാമാരി മൂലം തടസ്സപ്പെട്ട മറ്റ് സേവനങ്ങള്‍ കൂടി എത്രയും വേഗത്തില്‍ തിരികെ എത്തിച്ച് കൂടുതല്‍ ജീവനുകള്‍ നഷ്ടമാകുന്നത് ഒഴിവാക്കാനും കമ്മിറ്റി മന്ത്രിമാരോട് ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.