CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 53 Seconds Ago
Breaking Now

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ (71)അന്തരിച്ചു. കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ വിട വാങ്ങിയത്. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്.

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. ചികിത്സക്കിടെ, അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷവും പാര്‍ട്ടിയുടേയും സര്‍ക്കാരിലേയും നിര്‍ണായക അധികാര കേന്ദ്രമായിരുന്നു അഹമ്മദ് പട്ടേല്‍. ഗാന്ധിനെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.

ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റില്‍ എത്തിയത്. മൂന്ന് തവണ ലോക്‌സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.

2004ല്‍ യുപിഎ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സര്‍ക്കാരിന്റേയും മുന്നണിയുടേയും നടത്തിപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നുവെങ്കിലും  ഒരു സര്‍ക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നില്‍ക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.