CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 2 Seconds Ago
Breaking Now

ഇങ്ങനെ വേണം ബോസ്! കെയര്‍ ഹോം അന്തേവാസികളും, ഫ്രണ്ട്‌ലൈന്‍ സ്റ്റാഫും കാത്തിരിക്കുമ്പോള്‍ കൊവിഡ് വാക്‌സിന്‍ ആദ്യം നേടി മേധാവികള്‍; ഫസ്റ്റടിച്ച വിവരം ഓണ്‍ലൈനില്‍ പങ്കുവെച്ച് വീമ്പിളക്കലും; രോഷാകുലരായി ബന്ധുക്കള്‍

പല കെയര്‍ ഹോം മേധാവികളും വാക്‌സിനേഷന്‍ നേടിയത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുരുക്കില്‍ ചാടി

ആര്‍ക്ക് എന്ത് സംഭവിച്ചാലും കൊള്ളാം, സ്വന്തം കാര്യം നടക്കണം എന്നതാണ് പൊതുവെ സ്വാര്‍ത്ഥരായ മനുഷ്യന്റെ നിലപാട്. ജോലി സ്ഥലത്തും, സഹപ്രവര്‍ത്തകര്‍ക്കിടയിലും, സ്വന്തം വീടിനകത്തും വരെ ഇത്തരക്കാരെ നമുക്ക് കാണാം. കൊറോണാവൈറസ് പോലൊരു മഹാമാരി വന്നപ്പോഴെങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ച് പോയിട്ടുണ്ടെങ്കില്‍ ആ ധാരണ ഇപ്പോള്‍ തിരുത്താം. യുകെയില്‍ കൊവിഡ് മഹാമാരി ആഞ്ഞടിച്ച പ്രധാന ഇടമായ കെയര്‍ ഹോമുകളില്‍ നിന്നാണ് നിരാശാജനകമായ ഈ വാര്‍ത്ത പുറത്തുവരുന്നത്. 

കെയര്‍ ഹോമിലെ അന്തേവാസികളും, അവരെ സംരക്ഷിക്കാന്‍ രാത്രിയും, പകലും കഷ്ടപ്പെടുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി കാത്തിരിക്കുമ്പോള്‍ ഇത്തരം അപകടങ്ങളൊന്നും നേരിടാത്ത കെയര്‍ ഹോം ബോസുമാരാണ് വാക്‌സിന്‍ ആദ്യം കൈക്കലാക്കിയത്. തങ്ങള്‍ വാക്‌സിനേഷന്‍ നേടിയ വാര്‍ത്ത ഓണ്‍ലൈനില്‍ പങ്കുവെച്ച് പലരും വീമ്പിളക്കിയതോടെ സംഗതി വിവാദമായി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുമ്പോള്‍ താരതമ്യേന അപകടസാധ്യത കുറവുള്ള ഹെല്‍ത്ത് എക്‌സിക്യൂട്ടീവുമാര്‍ വാക്‌സിന്‍ അടിച്ചെടുത്തതാണ് ബന്ധുക്കളെ ചൊടിപ്പിക്കുന്നത്. 

ബ്രിട്ടനിലെ ഏറ്റവും വലിയ കെയര്‍ പ്രൊവൈഡറുടെ മേധാവി ക്രിസ്മസിന് മുന്‍പ് തന്നെ വാക്‌സിനേഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. മഹാമാരി കാലത്ത് ഒരു ഹോമില്‍ പോലും പോകാതെയാണ് ഈ അവസരം ഇയാള്‍ മുതലാക്കിയത്. കെയര്‍ ഹോം ജീവനക്കാരും, അന്തേവാസികളും മുന്‍ഗണനാ പട്ടികയില്‍ ആദ്യം തന്നെ വാക്‌സിന്‍ നേടുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേവലം 14 ശതമാനം ഫ്രണ്ട്‌ലൈന്‍ കെയറര്‍മാര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. 

മൂന്ന് കെയര്‍ ഹോം ചീഫ് എക്‌സിക്യൂട്ടീവുമാരാണ് സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ലഭിച്ച ചിത്രങ്ങള്‍ പങ്കുവെച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ക്കാഡ് കെയര്‍ ഹോംസ് ചീഫ് എക്‌സിക്യൂട്ടീവ് ജനുവരി 4ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലഭിച്ചതിന്റെ സന്തോഷം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. 40-കാരനായ ഹെയ്‌ഡെന്‍ നൈറ്റ് ഓഫീസില്‍ നിന്നാണ് സാധാരണയായി കെയര്‍ ഹോം പ്രവര്‍ത്തനം നയിക്കുന്നത്. ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോമിലുള്ള നൈറ്റ് വാക്‌സിന്‍ നേടിയെന്ന പോസ്റ്റ് ഒരു ഹോം അന്തേവാസിയുടെ മകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി. 

സമാനമായ രീതിയില്‍ പല കെയര്‍ ഹോം മേധാവികളും വാക്‌സിനേഷന്‍ നേടിയത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുരുക്കില്‍ ചാടി. തങ്ങളുടെ ബന്ധുക്കള്‍ വാക്‌സിനായി കാത്തിരിക്കുമ്പോള്‍ ഹോം മേധാവികള്‍ ഇത് തരപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ജീവനക്കാരെ ഏത് വിധത്തില്‍ വാക്‌സിനേറ്റ് ചെയ്യണമെന്ന് ഹോമുകള്‍ക്ക് തീരുമാനിക്കാമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ന്യായീകരിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.